കൂടുതൽ രാജ്യങ്ങൾക്കു മേൽ പകരച്ചുങ്കം ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരംഭിച്ച വ്യാപാരയുദ്ധം കേരളത്തിന് ഗുണമാകും എന്ന് റിപ്പോർട്ട്.
ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 44 ശതമാനമാണ് പകരച്ചുങ്കം. വിയറ്റ്നാമിന് ഇതു 56 ശതമാനവും കമ്പോഡിയയ്ക്ക് 59 ശതമാനവും ബംഗ്ലാദേശിന് 47 ശതമാനവും ഇൻഡോനേഷ്യക്ക് 47 ശതമാനവുമാണ്. ഏഷ്യൻ രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോൾ ഇന്ത്യക്ക് 36 ശതമാനമാണ് നിലവിൽ ചുമത്തിയിരിക്കുന്ന പകരച്ചുങ്കം. ഇത് മറ്റ് ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച വളരെകുറവാണ്.
ഇന്നലെ ഒറ്റദിവസം കൊണ്ട് അമേരിക്കയിൽ ചെമ്മീൻ വിലകൂടിയത് 30 ശതമാനമാണ്. റെഡി-ടു-ഈറ്റ്, റെഡി-ടു-കുക്ക് പോലുള്ള മൂല്യവർധിത ഉൽപന്നക്കയറ്റുമതിയിൽ മുന്നിട്ടുനിൽക്കുന്നത് ചൈന പോലുള്ള രാജ്യങ്ങളാണ്. എന്നാൽ 44 ശതമാനം പകരച്ചുങ്കം പ്രഖ്യാപിച്ചതോടെ ചൈനയിൽ നിന്നുമുള്ള ചെമ്മീനിനു വില കൂടുകയും, ഇന്ത്യയിൽ നിന്നും താരതമ്യേന വില കുറഞ്ഞ ചെമ്മീൻ അമേരിക്കക്കാർക്ക് ലഭ്യമാകുകയും ചെയ്യും.
യുഎസിലേക്കുള്ള ചെമ്മീൻ കയറ്റുമതിയുടെ 30-40 ശതമാനവും ഇന്ത്യയിൽ നിന്നാണ്. ഏകദേശം 400 കോടി ഡോളറാണ് കയറ്റുമതി മൂല്യം. ഇത് ഇനിയും വർധിക്കും എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതുപോലെ നിലവിൽ പ്രതിവർഷം 80-85 ബില്യൻ ഡോളറിന്റെ വസ്ത്ര ഇറക്കുമതിയാണ് യുഎസ് നടത്തുന്നത്. ഇതിൽ 27% ചൈനയിൽ നിന്നും 23% വിയറ്റ്നാമിൽ നിന്നുമാണ്. 11 ശതമാനവുമായി ബംഗ്ലാദേശാണ് മൂന്നാമത്. 8 ശതമാനം വിഹിതമുള്ള ഇന്ത്യ 4-ാം സ്ഥാനത്തും കമ്പോഡിയ 6 ശതമാനവുമായി അഞ്ചാമതും. പകരച്ചുങ്കം മൂലം 30-35% വരെയാണ് യുഎസിൽ വില കൂടാൻ പോകുന്നത്. ഈ സാഹചര്യത്തിൽ, താരതമ്യേന വിലകുറവുള്ളതും എന്നാൽ, നിലവാരത്തിൽ മെച്ചപ്പെട്ടതുമായ ഇന്ത്യൻ കമ്പനികളെയാകും യുഎസ് ഉപഭോക്താക്കൾ ആശ്രയിക്കുക. നിലവിൽ 600 കോടി ഡോളറിന്റേതാണ് യുഎസിലേക്കുള്ള ഇന്ത്യയുടെ വസ്ത്ര കയറ്റുമതി.