രാജ്യത്തെ മൊബൈൽ നെറ്റ്‌വർക്ക് രംഗത്ത് പുതിയ മുന്നേറ്റവുമായി എയർടെൽ. 5ജി സ്ലൈസിങ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയ ‘എയർടെൽ പ്രയോരിറ്റി’ പോസ്റ്റ്‌പെയ്ഡ് സേവനമാണ് കമ്പനി അവതരിപ്പിച്ചത്. കൂടുതൽ സ്ഥിരതയുള്ളതും ഉയർന്ന ഗുണമേന്മയുള്ളതുമായ മൊബൈൽ കണക്ടിവിറ്റിയാണ് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്.
ജോലി, ഓൺലൈൻ മീറ്റിംഗുകൾ, ഗെയിമിംഗ്, വീഡിയോ സ്ട്രീമിംഗ്, വിനോദ സേവനങ്ങൾ എന്നിവയ്ക്ക് ഉപഭോക്താക്കൾക്ക് യാതൊരു തടസ്സവുമില്ലാതെ ഇന്റർനെറ്റ് ലഭിക്കുന്നതിനാണ് പുതിയ സേവനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. തിരക്കേറിയ നെറ്റ്‌വർക്ക് സാഹചര്യങ്ങളിലും മികച്ച സ്പീഡും കുറഞ്ഞ തടസവുമുള്ള കണക്ഷൻ ലഭ്യമാക്കാൻ 5ജി സ്ലൈസിങ് സാങ്കേതികവിദ്യ സഹായിക്കും.
അമേരിക്ക, സിംഗപ്പൂർ, യുകെ, മലേഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇതിനകം 5ജി സ്ലൈസിങ് സേവനങ്ങൾ ലഭ്യമാണെങ്കിലും ഇന്ത്യയിൽ ആദ്യമായി ഈ സംവിധാനം അവതരിപ്പിക്കുന്നത് എയർടെലാണ്.
എയർടെലിന്റെ എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ‘എയർടെൽ പ്രയോരിറ്റി’ സേവനം ലഭ്യമാകും. നിലവിലെ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് ഇത് സ്വമേധയാ ആക്ടിവേറ്റ് ചെയ്യപ്പെടും. പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് എയർടെൽ ആപ്പ് വഴിയോ സമീപ എയർടെൽ സ്റ്റോർ വഴിയോ പോസ്റ്റ്‌പെയ്ഡിലേക്ക് മാറാം.
ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളുള്ള 5ജി എസ്‌എ പിന്തുണയുള്ള സ്മാർട്ട്‌ഫോണുകളിലാണ് ഈ സേവനം ഉപയോഗിക്കാനാകുക. ഉപഭോക്താക്കൾക്ക് അവരുടെ ഫോണിൽ സേവനം ലഭ്യമാണോ എന്ന് എയർടെൽ ആപ്പ് വഴി പരിശോധിക്കാനും സാധിക്കും.
