സംസ്ഥാനത്ത് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (MSME) ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പാ സഹായം ലഭ്യമാക്കുന്ന പദ്ധതിയാണ് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC) നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി (CMEDP). ഈ പദ്ധതി വഴി സംരംഭകർക്ക് അഞ്ച് കോടി രൂപ വരെ വായ്പ ലഭിക്കും.
ആറ് ശതമാനം പലിശനിരക്കിലാണ് അഞ്ച് കോടി രൂപ വരെയുള്ള വായ്പ ലഭിക്കുക. സർക്കാർ സബ്സിഡിയും കെഎഫ്സി റിബേറ്റും ഉൾപ്പെടെയാണ് കുറഞ്ഞ പലിശനിരക്ക് സാധ്യമാക്കുന്നത്. സംരംഭകർക്ക് ബിസിനസ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ഒരു വർഷം വരെയുള്ള മൊറട്ടോറിയം കാലയളവും വായ്പയിൽ ലഭിക്കും. സംസ്ഥാനത്ത് പുതിയ സംരംഭങ്ങൾ ആരംഭിക്കാനും നിലവിലുള്ള സംരംഭങ്ങളെ വികസിപ്പിക്കാനും ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ പലിശനിരക്കിൽ സാമ്പത്തിക സഹായം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അഞ്ചു കോടി രൂപയ്ക്ക് മുകളിലുള്ള വായ്പകൾക്ക് അപേക്ഷിക്കുന്നവർ ഈ പദ്ധതിയ്ക്ക് അർഹരാണെങ്കിൽ അഞ്ചു കോടി രൂപ വരെ 6 ശതമാനം പലിശയുള്ള വായ്പയായും അധികമായി വരുന്ന തുക കെ എഫ് സിയുടെ സബ്സിഡിയില്ലാത്ത പലിശനിരക്കിലുള്ള വായ്പയായും ആകും പരിഗണിക്കുക.
ആർക്കൊക്കെ അപേക്ഷിക്കാം?
ഉദ്യം രജിസ്ട്രേഷനുള്ള എംഎസ്എംഇകൾക്കാണ് പദ്ധതിയിലൂടെ വായ്പ ലഭിക്കുക. സംരംഭത്തിന്റെ ചീഫ് പ്രൊമോട്ടറുടെ പ്രായം 60 വയസ്സിൽ താഴെയായിരിക്കണം. അപേക്ഷകരുടെ സിബിൽ സ്കോർ 650-ന് മുകളിലായിരിക്കണമെന്നതും പ്രധാന നിബന്ധനയാണ്.
പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ ആഗ്രഹിക്കുന്നവർ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kfc.org വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
