ഇന്ത്യയിൽ ആദ്യമായി ഇൻസ്റ്റന്റ് എൽപിജി സിലിണ്ടർ ഡെലിവറി സേവനത്തിന് തുടക്കം. സ്വിഗ്ഗി ഇൻസ്റ്റാമാർട്ടും പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (HPCL) ചേർന്ന് പരീക്ഷണാടിസ്ഥാനത്തിൽ ബെംഗളൂരുവിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. പിന്നീട് മറ്റ് നഗരങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാനാണ് കമ്പനികളുടെ പദ്ധതി.
ഈ സേവനത്തിലൂടെ ഉപഭോക്താക്കൾക്ക് 5 കിലോഗ്രാം മെറ്റൽ സിലിണ്ടറുകളും 10 കിലോഗ്രാം കോമ്പോസിറ്റ് സിലിണ്ടറുകളും സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് ആപ്പിലൂടെ ഓർഡർ ചെയ്യാം. വീടുകളിൽ സാധാരണ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകൾ നിലവിൽ ഈ സേവനത്തിന്റെ ഭാഗമല്ല.
എച്ച്പി ഗ്യാസ് കണക്ഷൻ ഇല്ലാത്തവർക്കും ഈ സിലിണ്ടറുകൾ വാങ്ങാനാകുമെന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. എന്നാൽ ആദ്യമായി സിലിണ്ടർ വാങ്ങുന്നവർ ഡെലിവറി സമയത്ത് തിരിച്ചറിയൽ രേഖകൾ നൽകി കെവൈസി (KYC) നടപടികൾ പൂർത്തിയാക്കണം. ആദ്യ ഓർഡർ പുതിയ സിലിണ്ടർ വാങ്ങലായി കണക്കാക്കും. തുടർന്ന് റീഫിൽ ചെയ്യുമ്പോൾ ശൂന്യമായ എച്ച്പിസിഎൽ സിലിണ്ടർ കൈമാറി പുതിയ സിലിണ്ടർ സ്വീകരിക്കാം.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് എച്ച്പിസിഎല്ലിന്റെ അംഗീകൃത വിതരണ ശൃംഖലയിലൂടെയായിരിക്കും സിലിണ്ടറുകൾ ഉപഭോക്താക്കൾക്ക് എത്തിക്കുക. സിലിണ്ടറുകളുടെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനികൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
