കൂടുതൽ കാലം ഈടുനിൽക്കുന്ന പോളിമർ (പ്ലാസ്റ്റിക്) കറൻസി നോട്ടുകൾ പുറത്തിറക്കുന്നതിനുള്ള റിസർവ് ബാങ്കിന്റെ (ആർബിഐ) നിർദേശത്തിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അംഗീകാരം. ഇതിന്റെ ഭാഗമായി കറൻസി അച്ചടിക്കാവശ്യമായ 3.4 കോടി പോളിമർ ഷീറ്റുകൾ വാങ്ങുന്നതിനായി ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡ് (BRBNMPL) ആഗോള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ 10 രൂപയുടെയും 20 രൂപയുടെയും 100 കോടി വീതം പോളിമർ നോട്ടുകളാണ് ഫീൽഡ് ട്രയലിനായി അച്ചടിക്കാൻ പദ്ധതിയിടുന്നത്. ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന നോട്ടുകളായതിനാൽ ഇവയാണ് വേഗത്തിൽ കേടാകുന്നതും മാറ്റിസ്ഥാപിക്കേണ്ടിവരുന്നതും.പോളിമർ നോട്ടുകൾ എത്തിയാലും നിലവിലെ പേപ്പർ നോട്ടുകൾ ഇല്ലാതാകില്ലെന്നും സർക്കാർ അറിയിച്ചു.
ഇന്ത്യയിൽ പോളിമർ നോട്ടുകൾ അവതരിപ്പിക്കാനുള്ള നീക്കം പുതുമയല്ല. 2009-ൽ തന്നെ 10 രൂപയുടെ 100 കോടി പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. കൊച്ചി ഉൾപ്പെടെ വിവിധ നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ വിതരണം ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ സാങ്കേതിക കാരണങ്ങളാൽ പദ്ധതി മുന്നോട്ടുപോയില്ല.
ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, ന്യൂസിലൻഡ് ഉൾപ്പെടെ ലോകത്തെ ഏകദേശം 60 രാജ്യങ്ങൾ പൂർണമായോ ഭാഗികമായോ പോളിമർ കറൻസി ഉപയോഗിക്കുന്നുണ്ട്. 1990-കളിൽ ഓസ്ട്രേലിയയാണ് ആദ്യമായി പൂർണമായും പോളിമർ കറൻസിയിലേക്ക് മാറിയ രാജ്യം.
പേപ്പർ നോട്ടുകളെ അപേക്ഷിച്ച് പോളിമർ നോട്ടുകൾക്ക് 2.5 മുതൽ 4 മടങ്ങ് വരെ കൂടുതൽ ആയുസ്സുണ്ടെന്നാണ് കണക്കാക്കുന്നത്. നനഞ്ഞാലും എളുപ്പത്തിൽ കേടാകില്ല, ചുരുണ്ടാലും രൂപഭേദം കുറവായിരിക്കും. കൂടാതെ കള്ളനോട്ടുകൾ നിർമിക്കാൻ പ്രയാസമുള്ള സുരക്ഷാ സംവിധാനങ്ങളും പോളിമർ നോട്ടുകളിൽ ഉൾപ്പെടുത്താൻ കഴിയും.
നിലവിൽ രാജ്യത്ത് കറൻസി അച്ചടിക്കായി പ്രതിവർഷം ആയിരക്കണക്കിന് കോടി രൂപ ചെലവഴിക്കുന്നുണ്ട്. പോളിമർ നോട്ടുകളുടെ നിർമ്മാണച്ചെലവ് 30 മുതൽ 60 ശതമാനം വരെ കൂടുതലാണെങ്കിലും ദീർഘകാലം ഉപയോഗിക്കാനാകുന്നതിനാൽ മൊത്തം ചെലവ് കുറയുമെന്നാണ് വിലയിരുത്തൽ.
അതേസമയം, പോളിമർ നോട്ടുകൾ വ്യാപകമായി പ്രചാരത്തിലാകുന്നതിന് മുമ്പ് എടിഎമ്മുകൾ ഉൾപ്പെടെയുള്ള കറൻസി കൈകാര്യം ചെയ്യുന്ന സംവിധാനങ്ങളിലും ആവശ്യമായ സാങ്കേതിക മാറ്റങ്ങൾ വരുത്തേണ്ടിവരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
