കൊച്ചി വാട്ടർ മെട്രോയുടെ വിജയത്തെ അടിസ്ഥാനമാക്കി രാജ്യത്തെ 18 നഗരങ്ങളിലേക്ക് സമാന മാതൃക വ്യാപിപ്പിക്കുന്നതിനായുള്ള സമഗ്ര സാധ്യത പഠന റിപ്പോർട്ട് കെഎംആർഎൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ചു.
പരിസ്ഥിതി സൗഹൃദവും ആധുനിക സൗകര്യങ്ങളോടുകൂടിയതുമായ ഗതാഗത സംവിധാനമായി ശ്രദ്ധ നേടിയ കൊച്ചി വാട്ടർ മെട്രോ പദ്ധതിയാണ് ഇപ്പോൾ രാജ്യതലത്തിൽ മാതൃകയാകുന്നത്. നഗര ഗതാഗതത്തിനൊപ്പം വിനോദസഞ്ചാര വികസനത്തിനും വാട്ടർ മെട്രോ വലിയ സാധ്യതകൾ തുറന്നതോടെയാണ് കേന്ദ്ര സർക്കാർ പദ്ധതിയുടെ വ്യാപന സാധ്യതകൾ പരിശോധിക്കാൻ കെഎംആർഎലിനെ ചുമതലപ്പെടുത്തിയത്.
കേന്ദ്ര ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയത്തിന്റെ നിർദേശപ്രകാരം 18 നഗരങ്ങളിലാണ് പഠനം നടത്തിയത്. ലക്ഷദ്വീപ് ഒഴികെയുള്ള 17 നഗരങ്ങളുടെ കരട് റിപ്പോർട്ടുകൾ ഇതിനകം തയ്യാറായി.
ആദ്യഘട്ടത്തിൽ ശ്രീനഗർ, പട്‌ന, വാരാണസി എന്നിവിടങ്ങളിലാണ് വാട്ടർ മെട്രോ സർവീസുകൾ ആരംഭിക്കാൻ നീക്കം. രണ്ടാംഘട്ടത്തിൽ അസമിലെ തേജ്പുർ, ദിബ്രുഗഡ് നഗരങ്ങളെയും ഉൾപ്പെടുത്തും. തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ ജലപാതകൾ, ജനസാന്ദ്രത, ടൂറിസം സാധ്യതകൾ എന്നിവ വിലയിരുത്തി പദ്ധതി കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.
നിലവിലുള്ള ബസ്, റെയിൽ, മെട്രോ സംവിധാനങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും പുതിയ വാട്ടർ മെട്രോ പാതകൾ വികസിപ്പിക്കുക. “ദേശീയ വാട്ടർ മെട്രോ നയം 2026” എന്ന കരട് രേഖ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം സംസ്ഥാനങ്ങൾക്കും മറ്റ് മന്ത്രാലയങ്ങൾക്കും കൈമാറിയിട്ടുണ്ട്.
പദ്ധതി നടപ്പാക്കുന്നതിന് വലിയ രീതിയിൽ ഭൂമിയേറ്റെടുക്കുകയോ അധിക അടിസ്ഥാനസൗകര്യ ചെലവുകളോ വേണ്ടിവരില്ലെന്നതാണ് പ്രധാനം. നിലവിലുള്ള ജലപാതകൾ ഉപയോഗപ്പെടുത്തിയാണ് സർവീസുകൾ ആരംഭിക്കുക. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെയും പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലൂടെയും പദ്ധതി നടപ്പാക്കാനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്.
കൊച്ചി വാട്ടർ മെട്രോ രാജ്യത്തിന് മാതൃകയായ പദ്ധതിയാണെന്നും, ഹരിത ഗതാഗത രംഗത്ത് ഇന്ത്യയുടെ പുതിയ ദിശയായിരിക്കുമെന്നും കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ കേന്ദ്ര ഷിപ്പിങ് ജലഗതാഗത മന്ത്രി സർബാനന്ത സോനോവാൾ പറഞ്ഞു.
