എക്കാലത്തെയും ഉയർന്ന ചരക്ക് നീക്കവുമായി കൊച്ചി തുറമുഖം. 2024-25 സാമ്പത്തിക വർഷത്തിൽ 3.94 ശതമാനം വർധനയാണ് ചരക്ക് നീക്കത്തിൽ ഉണ്ടായത്. അതായത്, 37.75 കോടി ടൺ ചരക്ക് കൊച്ചി തുറമുഖം കൈകാര്യം ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷം കൊച്ചി തുറമുഖത്ത് എത്തിയത് 1265 വാണിജ്യ കപ്പലുകളാണ്. തുടർച്ചയായ 5 വർഷങ്ങളിലും സ്ഥിരമായ വളർച്ചയാണ് തുറമുഖത്ത് ഉണ്ടായിരിക്കുന്നത്. കൂടാതെ, 5.04 ശതമാനം സംയുക്ത വാർഷിക വളർച്ചാനിരക്ക് (സിഎജിആര്‍) കൈവരിക്കുകയും ചെയ്തു.
ക്രൂഡ്, പെട്രോളിയം, എൽഎൻജി, രാസവസ്തുക്കൾ എന്നിവയാണ് ആകെയുള്ള ചരക്കിന്റെ 66 ശതമാനവും.
എൽപിജി ടെർമിനൽ വഴി ഗണ്യമായ തോതിൽ പാചക വാതകവും തുറമുഖത്തെത്തി. കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കുന്ന ബങ്കറിങ് ബിസിനസിലും തുറമുഖം നേട്ടമുണ്ടാക്കി. മാത്രമല്ല, സിമന്റ്, റോക്ക് ഫോസ്ഫേറ്റ്, ഉപ്പ്, സൾഫർ, അലുമിന, സ്റ്റീൽ ഉൽപന്നങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ഡ്രൈ ആൻഡ് ബ്രേക്ക് ബൾക്ക് ചരക്കു വിഭാഗത്തിലും വർധനയുണ്ടായി.
കൊച്ചി തുറമുഖം കണ്ടെയ്നര്‍ നീക്കത്തിലും റെക്കോഡ് നേട്ടം വരിച്ചു. മുന്‍ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വര്‍ധനയോടെ 8,34,665 ടിഇയു കണ്ടെയ്നർ കൈകാര്യം ചെയ്തു.
തുറമുഖത്തിനു കീഴിലുള്ള വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ടെർമിനലിൽ ഈ വർഷം പ്രതിമാസം കൈകാര്യം ചെയ്തത് ശരാശരി 69,555 ടിയുഇ കണ്ടെയ്‌നറുകളാണ്. മുൻ വർഷത്തിൽ 62,853 കണ്ടെയ്‌നറുകളായിരുന്നു കൈകാര്യം ചെയ്തത്. വിവിധ തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിലാണ് തുറമുഖം നേട്ടം കൈവരിച്ചതെന്ന് കൊച്ചിൻ പോർട് അതോറിറ്റി അധികൃതർ വിശദീകരിച്ചു.