അമേരിക്ക, യൂറോപ്യൻ യൂണിയൻ തുടങ്ങിയ ശക്തരായ ആഗോള സാമ്പത്തിക പങ്കാളികളുമായുള്ള വ്യാപാര കരാറുകൾ അവസാനഘട്ടത്തിലാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എക്‌സിം ബാങ്ക് സംഘടിപ്പിച്ച ട്രേഡ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
ഇപ്പോൾ യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവരുമായി അവസാനഘട്ട ചർച്ചയിലാണ്. യുഎഇ, ഓസ്‌ട്രേലിയ, യൂറോപ്യൻ എഫ്ടിഎ, യുകെ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ ഇതിനകം വ്യാപാര ധാരണകളിൽ എത്തിയതായും, കൂടുതൽ സ്വതന്ത്ര വ്യാപാര കരാറുകളിൽ ഊന്നൽ നൽകുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ കയറ്റുമതി രംഗം ഇപ്പോൾ വ്യത്യസ്തമായ ദിശയിലാണെന്നും പരിവർത്തന ഘട്ടത്തിലൂടെ കടന്നുപോകുകയാണെന്നും സീതാരാമൻ പറഞ്ഞു. 2013-14 നെ അപേക്ഷിച്ച് ഇന്ത്യയുടെ മൊത്തം കയറ്റുമതി 466 ബില്യൺ ഡോളറിന്റെ വർധനവോടെ 825 ബില്യൺ ഡോളറിലേക്കെത്തി. ഇത് 6 ശതമാനത്തോളം വളർച്ചയാണ് രേഖപ്പെടുത്തിയതെന്നും, ആഗോള കയറ്റുമതിയുടെ ശരാശരി വളർച്ച 4 ശതമാനത്തിലൊതുങ്ങിയപ്പോൾ ഇന്ത്യയ്ക്ക് 6.3 ശതമാനത്തിലധികം വളർച്ച നേടാൻ കഴിഞ്ഞതായും മന്ത്രി ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാര താത്പര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ പ്രതിഫലനമാണെന്നും കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.