ഇറാൻ-യുഎസ് സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നതിന്റെ പ്രതിഫലനം ഓൺലൈൻ ഭക്ഷ്യ വിതരണ മേഖലയിലും പ്രകടമാകാൻ തുടങ്ങി. ഇന്ധനവില വർധിച്ചതോടെ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി, ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളുടെ സേവന നിരക്കുകൾ വരും ദിവസങ്ങളിൽ ഉയരാനിടയുണ്ടെന്ന് സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഇലാര ക്യാപിറ്റലിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
അടുത്തിടെ പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് ഏകദേശം നാല് രൂപയുടെ വർധനവുണ്ടായിരുന്നു. ഇതോടെ ഇന്ധനച്ചെലവിൽ നാല് ശതമാനത്തോളം വർധനവാണ് ഉണ്ടായത്. ഓരോ ഡെലിവറി ഓർഡറിനും ശരാശരി 44 പൈസയുടെ അധികഭാരം ഇതുമൂലം കമ്പനികൾക്ക് വരുമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
നിലവിൽ ഫുഡ് ഡെലിവറി ഓർഡറുകൾക്ക് ശരാശരി 55 മുതൽ 60 രൂപ വരെയും ക്വിക്ക് കൊമേഴ്‌സ് സേവനങ്ങൾക്ക് 35 മുതൽ 50 രൂപ വരെയും ഡെലിവറി ചെലവുണ്ടെന്നാണ് കണക്കുകൾ. ഒരു ഡെലിവറിയുടെ മൊത്തം ചെലവിൽ ഏകദേശം 20 ശതമാനം വരെ ഇന്ധനത്തിനായി ചെലവാകുന്നുണ്ട്.
ഇന്ധനവില വർധനവ് ഡെലിവറി തൊഴിലാളികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കിലോമീറ്ററിന് ലഭിക്കുന്ന സർവീസ് നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ‘ഗിഗ് ആൻഡ് പ്ലാറ്റ്ഫോം സർവീസ് വർക്കേഴ്സ് യൂണിയൻ’ പ്രതിഷേധവുമായി രംഗത്തെത്തി. അഞ്ച് മണിക്കൂർ ആപ്പ് അധിഷ്ഠിത സേവനങ്ങൾ നിർത്തിവെച്ചുള്ള സമരവും യൂണിയൻ പ്രഖ്യാപിച്ചിരുന്നു.
രാജ്യത്ത് ബൈക്കും സ്കൂട്ടറുകളും ആശ്രയിച്ച് ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഗിഗ് തൊഴിലാളികളുടെ വരുമാനത്തെ ഇന്ധനവില വർധനവ് നേരിട്ട് ബാധിക്കുമെന്ന് യൂണിയൻ മുന്നറിയിപ്പ് നൽകുന്നു. വരുമാനത്തിനനുസരിച്ച് സർവീസ് നിരക്ക് ഉയർത്തിയില്ലെങ്കിൽ പലരും തൊഴിൽ മേഖല വിടേണ്ട സാഹചര്യം ഉണ്ടാകാമെന്നും തൊഴിലാളി സംഘടനകൾ പറയുന്നു.
