തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ ആഡംബര ഹോട്ടല്‍ പദ്ധതിയുമായി അദാനി ഗ്രൂപ്പ്. ആഗോള ഹോട്ടല്‍ ശൃംഖലയായ ഐഎച്ച്ജി ഗ്രൂപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് ഹോട്ടല്‍ വികസന പദ്ധതികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തും ഈ പദ്ധതി വരുന്നത്.
ഐഎച്ച്ജിയുടെ ആഡംബര ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡായ കിംപ്ടണ്‍ ഹോട്ടല്‍സ് ആന്‍ഡ് റെസ്‌റ്റോറന്റ്‌സും ഇന്ത്യയിലേക്ക് എത്തുമെന്നാണ് സൂചന.
136.31 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ഹോട്ടലിന് 33,902 ചതുരശ്രയടി വിസ്തീര്‍ണവും 240 ആഡംബര മുറികളും ഉണ്ടായിരിക്കും. 660 പേര്‍ക്ക് ഇരിക്കാവുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍, റെസ്റ്റോറന്റുകള്‍, ഷോപ്പിംഗ് സൗകര്യങ്ങള്‍ ഉള്‍പ്പെടെ വിവിധ പ്രീമിയം സംവിധാനങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിമാനത്താവള സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം ഹോട്ടലിന്റെ പരമാവധി ഉയരം 23 മീറ്ററായി നിശ്ചയിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സിറ്റി സൈഡ് ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായാണ് ഹോട്ടല്‍ വരുന്നത്. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പരിസ്ഥിതി അനുമതി നല്‍കിയിരുന്നു.
തിരുവനന്തപുരത്തിന് പുറമേ ജയ്പുര്‍, മംഗളൂരു, മുംബൈ മെട്രോപൊളിറ്റന്‍ മേഖല എന്നിവിടങ്ങളിലായാണ് ഹോട്ടലുകള്‍ നിര്‍മിക്കുന്നത്.
