ഡി.ആർ. കോംഗോയിൽ പടരുന്ന എബോള വൈറസ് വ്യാപനത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. രോഗവ്യാപനത്തിന്റെ വ്യാപ്തി ഗുരുതരമാണെന്നും സ്ഥിതി അതീവ ജാഗ്രത ആവശ്യപ്പെടുന്നതാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് അറിയിച്ചു.
ഇതിനകം 130-ലേറെ പേർ മരിച്ചതായും 500-ത്തിലധികം പേർക്ക് രോഗബാധയുണ്ടായതായി സംശയിക്കുന്നതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
എബോളയുടെ അപൂർവ വകഭേദമായ “ബൂൻഡിബുഗോ” വൈറസാണ് പുതിയ വ്യാപനത്തിന് പിന്നിൽ. വാക്സിനോ പ്രത്യേക ചികിത്സയോ നിലവിൽ ലഭ്യമല്ലാത്ത വകഭേദമാണിത്. രോഗബാധിതരുടെ രക്തം, ശരീരസ്രവങ്ങൾ, വിസർജ്യങ്ങൾ എന്നിവ വഴിയാണ് വൈറസ് പകരുന്നത്. രോഗം ബാധിച്ച മൃഗങ്ങളിലൂടെയും മനുഷ്യരിലേക്ക് വൈറസ് പടരാൻ സാധ്യതയുണ്ട്.
പനി, തലവേദന, പേശിവേദന, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഗുരുതരാവസ്ഥയിലാകുമ്പോൾ ആന്തരിക രക്തസ്രാവവും കരൾ, വൃക്ക തകരാറുകളും സംഭവിക്കാം.
ആശുപത്രികളിൽ രോഗവ്യാപനം വർധിക്കുന്നത് വലിയ ആശങ്കയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. സമ്പർക്കത്തിലുള്ളവരെ കണ്ടെത്തൽ, ലാബ് പരിശോധനകൾ, ഐസൊലേഷൻ, സുരക്ഷിത ശവസംസ്കാരം എന്നിവ ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അന്താരാഷ്ട്ര യാത്രകൾ നടത്തരുതെന്നും സംഘടന നിർദേശിച്ചു.
