സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് ഇന്ന് 1,300 രൂപ കുറഞ്ഞ് 1,02,760 രൂപയും ഒരു ഗ്രാമിന് 12,845 രൂപയുമാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്.
ഇന്നലെ രാവിലെ ഗ്രാമിന് 85 രൂപ കുറഞ്ഞ് 13,110 രൂപയിലേക്കും പവന് 680 രൂപ കുറഞ്ഞ് 1,04,880 രൂപയിലേക്കുമായിരുന്നു വില എത്തിയത്. ഇതിന് പിന്നാലെയാണ് വൈകിട്ട് വീണ്ടും വില താഴ്ന്നത്. വൈകിട്ട് പവന് 400 രൂപ കുറഞ്ഞതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില 1,04,080 രൂപയായി. ഗ്രാമിന് 5 രൂപ ഉയർന്ന് 13,010 രൂപയായും നിരക്കെത്തി.
ഈ വർഷം റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയർന്ന സ്വർണവിലയിൽ ജൂൺ മാസത്തിൽ ആശ്വാസകരമായ കുറവാണ് രേഖപ്പെടുത്തിയത്. മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ 10 ഗ്രാമിന് 1,92,991 രൂപ എന്ന സർവകാല റെക്കോർഡിൽ എത്തിയ സ്വർണവില ഇപ്പോൾ ഏകദേശം 1,43,610 രൂപ നിലവാരത്തിലേക്കാണ് താഴ്ന്നത്. അതായത് 10 ഗ്രാമിന് ഏകദേശം 49,400 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
കേരളത്തിലെ സാധാരണക്കാരുടെ കണക്കിൽ നോക്കുമ്പോൾ, റെക്കോർഡ് നിരക്കിൽ നിന്ന് പവന് ശരാശരി 25,000 രൂപയോളമാണ് കുറഞ്ഞിരിക്കുന്നത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവിലയായ പവന് 1,31,160 രൂപ ജനുവരി 29-നാണ് രേഖപ്പെടുത്തിയത്.
യുഎസ് പണപ്പെരുപ്പ നിരക്ക്, അമേരിക്കൻ പലിശനയങ്ങൾ, അന്താരാഷ്ട്ര സംഘർഷങ്ങൾ, വിവിധ രാജ്യങ്ങളുടെ സാമ്പത്തിക തീരുമാനങ്ങൾ, ഓഹരി വിപണിയിലെ മാറ്റങ്ങൾ എന്നിവ സ്വർണവിലയിലെ ചാഞ്ചാട്ടങ്ങൾക്ക് പ്രധാന കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
