ജിഎസ്ടി ഇ-വേ ബിൽ സംവിധാനത്തിൽ ഓഗസ്റ്റ് 1 മുതൽ പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നു. വ്യാപാരികൾക്കും ട്രാൻസ്‌പോർട്ടർമാർക്കും കൂടുതൽ നിയന്ത്രണവും സുരക്ഷയും നൽകുന്ന തരത്തിലുള്ള മാറ്റങ്ങളാണ് കേന്ദ്ര ജിഎസ്ടി പോർട്ടലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
‘ബിൽ ടു – ഷിപ്പ് ടു’ സംവിധാനത്തിൽ GSTIN നിർബന്ധം
പുതിയ മാറ്റപ്രകാരം, ‘ബിൽ ടു – ഷിപ്പ് ടു’ രീതിയിൽ ഇ-വേ ബിൽ എടുക്കുമ്പോൾ ‘ഷിപ്പ് ടു’ വിവരങ്ങൾക്കൊപ്പം ജിഎസ്ടിഐഎൻ (GSTIN) നമ്പറും രേഖപ്പെടുത്തേണ്ടതായി വരും. ഒരു സപ്ലയർ സാധനങ്ങൾ ഒരു ഉപഭോക്താവിന് ബിൽ ചെയ്യുകയും, ഉപഭോക്താവിന്റെ നിർദേശപ്രകാരം മറ്റൊരാൾക്ക് നേരിട്ട് സാധനം കൈമാറുകയും ചെയ്യുന്ന സാഹചര്യങ്ങളിലാണ് ഈ രീതി ഉപയോഗിക്കുന്നത്.
ഇതുവരെ അവസാന സ്വീകർത്താവിന്റെ പേര്, വിലാസം തുടങ്ങിയ വിവരങ്ങൾ മാത്രം നൽകാനായിരുന്നു സൗകര്യം ഉണ്ടായിരുന്നത്. ഇനി മുതൽ രജിസ്ട്രേഷൻ ഉള്ള സ്ഥാപനങ്ങളുടെ GSTIN നമ്പറും നിർബന്ധമായും ചേർക്കണം. രജിസ്ട്രേഷൻ ഇല്ലാത്തവരാണെങ്കിൽ ‘URP’ (Unregistered Person) എന്ന കോഡ് രേഖപ്പെടുത്തേണ്ടതുമാണ്.
ഇ-വേ ബിൽ ‘ക്ലോസ്’ ചെയ്യാനുള്ള പുതിയ സൗകര്യം
ചരക്കു നീക്കം പൂർത്തിയായ ശേഷവും പഴയ ഇ-വേ ബിൽ ഉപയോഗിച്ച് നിയമവിരുദ്ധമായി ചരക്കു കടത്തുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ‘EWB Close’ എന്ന പുതിയ ഓപ്ഷൻ അവതരിപ്പിച്ചിരിക്കുന്നത്.
ഇനി ചരക്കു ഗതാഗതം പൂർത്തിയായാൽ സപ്ലയർ, സ്വീകർത്താവ് അല്ലെങ്കിൽ ട്രാൻസ്‌പോർട്ടർ എന്നിവർക്ക് ഇ-വേ ബിൽ പോർട്ടലിൽ ലോഗിൻ ചെയ്ത് ബന്ധപ്പെട്ട ബിൽ ‘ക്ലോസ്’ ചെയ്യാം. പിന്നീട് ആ ബിൽ ഉപയോഗിച്ച് വാഹന നമ്പർ മാറ്റുകയോ കാലാവധി നീട്ടുകയോ ചെയ്ത് ദുരുപയോഗം നടത്തുന്നത് ഒഴിവാക്കാനാകും.
ഡ്രൈവർമാരെയോ മറ്റ് അധികാരപ്പെടുത്തിയ വ്യക്തികളെയോ ഇ-വേ ബിൽ ക്ലോസ് ചെയ്യാൻ അനുവദിക്കുന്ന സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഇ-വേ ബിൽ തയ്യാറാക്കുന്ന സമയത്ത് തന്നെ ബന്ധപ്പെട്ട വ്യക്തിയുടെ മൊബൈൽ നമ്പർ നൽകണം. ഒടിപി അടിസ്ഥാനത്തിൽ ലോഗിൻ ചെയ്ത് അവർക്കും ബിൽ ക്ലോസ് ചെയ്യാനാകും.
