സംസ്ഥാനത്ത് മിൽമ പാലിന് വീണ്ടും വില വർധിപ്പിച്ചു. ജൂൺ ഒന്നുമുതൽ ലിറ്ററിന് നാല് രൂപയുടെ വർധനവാണ് പ്രാബല്യത്തിൽ വരുക. മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടായത്. ഇതോടെ മിൽമ പാലിന്റെ ശരാശരി ലിറ്റർവില 56 രൂപയിലേക്ക് ഉയരും.
വില വർധനയിലൂടെ ലഭിക്കുന്ന തുകയുടെ വലിയൊരു വിഹിതം ക്ഷീരകർഷകർക്ക് നൽകുമെന്നാണ് മിൽമ അധികൃതർ വ്യക്തമാക്കിയത്. വർധിപ്പിക്കുന്ന നാല് രൂപയിൽ ഏകദേശം 3.35 രൂപ നേരിട്ട് കർഷകർക്ക് ലഭിക്കും. ക്ഷീരമേഖലയിലെ വർധിച്ച ഉൽപ്പാദന ചെലവും തീറ്റവില ഉയർന്നതുമാണ് വില വർധനയ്ക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.
ദീർഘകാല ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് തീരുമാനം. നേരത്തെ സർക്കുലർ റെസല്യൂഷൻ വഴി വില വർധന പാസാക്കാൻ മാനേജ്മെന്റ് ശ്രമിച്ചെങ്കിലും ഡയറക്ടർ ബോർഡിലെ ഭൂരിപക്ഷം അംഗങ്ങൾ അതിനെ എതിർത്തിരുന്നു. തുടർന്ന് പൂർണ ബോർഡ് യോഗം വിളിച്ച് ചേർത്ത് വിഷയം വിശദമായി ചർച്ച ചെയ്ത ശേഷമാണ് അംഗീകാരം ലഭിച്ചത്.
പുതിയ തീരുമാനം പ്രകാരം അധിക തുകയുടെ 83 ശതമാനത്തിലധികം കർഷകർക്ക് നൽകും. ശേഷിക്കുന്ന വിഹിതം ക്ഷീര സഹകരണ സംഘങ്ങൾക്കും ഡീലർമാർക്കും മിൽമയ്ക്കും കർഷക ക്ഷേമനിധിക്കുമായി വിഭജിക്കും. പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്കും ഒരു വിഹിതം മാറ്റിവെച്ചിട്ടുണ്ട്.
പാലിനൊപ്പം തൈര്, നെയ്യ്, പേഡ തുടങ്ങിയ പാൽ ഉൽപ്പന്നങ്ങൾക്കും ഉടൻ വില വർധിക്കാനിടയുണ്ടെന്ന സൂചനകളുണ്ട്. വിലക്കയറ്റം ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുമ്പോഴും ക്ഷീരകർഷകർക്ക് ആശ്വാസമാകുമെന്ന വിലയിരുത്തലിലാണ് ക്ഷീരമേഖല.
