യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനത്തെ തുടർന്നുണ്ടായ ഓഹരി വിപണികൾ ഇടിവ് ഇന്നും തുടരുന്നു. മെറ്റൽ, ഇൻഫർമേഷൻ ടെക്നോളജി, ഓട്ടോ ഓഹരികൾ എന്നിവയുടെ വിലയിടിവിനെ തുടർന്ന് വിപണികൾ ഏകദേശം 1% ഇടിഞ്ഞു. വ്യാഴാഴ്ച സൂചികകൾ നഷ്ടത്തിൽ അവസാനിച്ചതിനെത്തുടർന്ന് നിഫ്റ്റി 50 സൂചിക 0.95% വരെ താഴ്ന്ന് 23,029.40 ലും സെൻസെക്സ് 616 പോയിന്റ് കുറഞ്ഞ് 75,678.54 ലും എത്തിയിരുന്നു.
ആഗോള സൂചനകൾ
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തെത്തുടർന്ന് വെള്ളിയാഴ്ചയും ആഗോള സാമ്പത്തിക വിപണികളിൽ വിൽപ്പന തുടർന്നു. ഏഷ്യൻ ഓഹരികൾ വെള്ളിയാഴ്ച രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി.
ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ജാപ്പനീസ് ഓഹരികൾ ഇടിഞ്ഞപ്പോൾ, 2020 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് യുഎസ് ഓഹരികൾ നേരിട്ടത്. എസ് & പി 500 വ്യാഴാഴ്ച 4.9% ഉം നാസ്ഡാക്ക് 5.5% ഉം ഇടിഞ്ഞു. ടോക്കിയോയിൽ രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ടോപ്പിക്സ് 3.7% വരെ ഇടിഞ്ഞ് 2,473.03 ലെത്തി, നിക്കി 225 2.8% വരെ ഇടിഞ്ഞ് 33,770.29 ലെത്തി. യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലെ ഇക്വിറ്റി-ഇൻഡെക്സ് ഫ്യൂച്ചറുകളും വെള്ളിയാഴ്ച ഇടിഞ്ഞു.
ഓസ്‌ട്രേലിയയിൽ, എസ് & പി/എഎസ്‌എക്സ് 200 1.8% ഇടിഞ്ഞു, അതേസമയം ഹാംഗ് സെങ് താരതമ്യേന ഭേദപ്പെട്ട രീതിയിൽ പിടിച്ചു നിന്നു.
ഡോളർ
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയം മൂലമുണ്ടായ ആശങ്കകൾ യുഎസ് കറൻസിയെ ബാധിച്ചതോടെ വികസ്വര രാജ്യങ്ങളിൽ നിന്നുള്ള കറൻസികൾ രണ്ടാഴ്ചയ്ക്കിടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. അതേസമയം, ആഗോളതലത്തിൽ ഉണ്ടായ വിൽപ്പനയുടെ പശ്ചാത്തലത്തിൽ ഡോളറിന്റെ ഇടിവ് തുടരുകയാണ്. ബ്ലൂംബെർഗ് ഡോളർ സ്പോട്ട് സൂചിക വ്യാഴാഴ്ച 2.1% വരെ ഇടിഞ്ഞു, 2005 നുശേഷം രേഖപ്പെടുത്തുന്ന ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവാണ് ഇത്.