രാജ്യാന്തര സ്വർണ്ണ വിലയിലുണ്ടായ ഇടിവിനു പിന്നാലെ സംസ്ഥാനത്തും സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും വിലയിൽ ഇടിവ് രേഖപ്പെടുത്തി. സ്വർണ്ണം ഒരു പവന് 1,280 രൂപയും ഗ്രാമിന് 160 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു കിലോ വെള്ളിക്ക് 100 രൂപ താഴ്ന്ന് 1,11,900 രൂപ എന്നതാണ് നിരക്ക്.
രാജ്യാന്തര സ്വർണവില കഴിഞ്ഞദിവസം 3,166.99 ഡോളർ എന്ന സർവകാല റെക്കോർഡിൽ എത്തിയെങ്കിലും ഇന്നലെ 3,050 ഡോളറിലേക്ക് തകർന്നിരുന്നു. എന്നാൽ ട്രംപ് മുന്നോട്ടുവച്ച താരിഫ് നയം ആഗോള സമ്പദ്‍വ്യവസ്ഥയെ ഉലച്ചേക്കാമെന്നതിനാൽ ‘സുരക്ഷിത നിക്ഷേപം’ എന്ന നിലയിൽ സ്വർണവില വീണ്ടും കൂടാനിടയുണ്ട് എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. കഴിഞ്ഞ ദിവസത്തെ റെക്കോർഡ് വിലക്കയറ്റം മുതലെടുത്തുള്ള ലാഭമെടുപ്പാണ് വിലയെ പ്രധാനമായും താഴേക്ക് നയിച്ചത് എന്നും അത് താത്കാലിക മാണ് എന്നുമാണ് വിലയിരുത്തൽ.
പിന്നീട് സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും ഈ ഇപ്പോഴുണ്ടായ വിലയിടിവ് പ്രയോജനപ്പെടുത്താമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വില കുറഞ്ഞുനിൽക്കുമ്പോൾ ബുക്ക് ചെയ്താൽ, ബുക്ക് ചെയ്യുന്ന ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്ത് ഏതാണോ കുറവ്, ആ വിലയ്ക്ക് സ്വർണാഭരണങ്ങൾ സ്വന്തമാക്കാമെന്നതാണ് നേട്ടം. ഫലത്തിൽ, പിന്നീട് വില കൂടിയാലും അത് ഉപഭോക്താവിനെ ബാധിക്കില്ല. ഒട്ടുമിക്ക പ്രമുഖ ജ്വല്ലറികളും ഈ സൗകര്യം നൽകുന്നുണ്ട്