കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ യാത്രാവരുമാനത്തിൽ വൻ വളർച്ച രേഖപ്പെടുത്തി. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ 2025-26 സാമ്പത്തികവർഷത്തിൽ 319.21 കോടി രൂപ വരുമാനം നേടി 300 കോടി ക്ലബിൽ ഇടംപിടിച്ചു. മുൻവർഷം ഇത് 288.32 കോടി രൂപയായിരുന്നു.
എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷൻ 267.50 കോടി രൂപ വരുമാനം നേടി. കഴിഞ്ഞ വർഷത്തേക്കാൾ 17.55 കോടി രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ 218.63 കോടി രൂപ വരുമാനത്തോടെ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തെത്തി. കോഴിക്കോട് സ്റ്റേഷന്റെ വരുമാനത്തിൽ 28.51 കോടി രൂപയുടെ വർധനയുമുണ്ട്.
കണ്ണൂർ റെയിൽവേ സ്റ്റേഷൻ 136.11 കോടി രൂപ വരുമാനവുമായി ഏഴാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്ക് മുന്നേറി. ആലുവ റെയിൽവേ സ്റ്റേഷൻ 100 കോടി ക്ലബിൽ ഇടംപിടിച്ച് ഒൻപതാം സ്ഥാനത്തെത്തി.
ഇതിനുപുറമേ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ, തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ, ഷൊർണൂർ ജങ്ഷൻ റെയിൽവേ സ്റ്റേഷൻ, കായംകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷൻ എന്നിവ 50 കോടി ക്ലബിൽ ഇടംപിടിച്ചു. കാസർകോട് റെയിൽവേ സ്റ്റേഷൻ, തലശ്ശേരി റെയിൽവേ സ്റ്റേഷൻ സ്റ്റേഷനുകൾ 50 കോടി ക്ലബിലേക്ക് അടുക്കുകയാണ്.
ട്രെയിനുകളുടെ സമയകൃത്യത, സ്റ്റേഷൻ വികസന പ്രവർത്തനങ്ങൾ, വർധിച്ച യാത്രക്കാരുടെ എണ്ണം എന്നിവയാണ് വരുമാന വർധനയ്ക്ക് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. റിസർവ് യാത്രക്കാരോടൊപ്പം അൺറിസർവ് യാത്രക്കാരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
കേരളത്തിലെ രണ്ട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ 2024-25 സാമ്പത്തികവർഷത്തിൽ മാത്രം 163 കോടി രൂപ വരുമാനം നേടിയതായും കണക്കുകൾ വ്യക്തമാക്കുന്നു.
