പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കുത്തനെ ഉയർന്ന ഇന്ധനവിലയും സാമ്പത്തിക സമ്മർദ്ദവും കാരണം, അമേരിക്കയിലെ പ്രമുഖ ബജറ്റ് എയർലൈൻ ആയ സ്പിരിറ്റ് എയർലൈൻസ് 34 വർഷത്തെ സേവനത്തിന് വിരാമമിട്ടു. കുറഞ്ഞ നിരക്കിൽ സർവീസ് നടത്തി സാധാരണക്കാരുടെ പ്രിയപ്പെട്ട എയർലൈൻ ആയിരുന്ന കമ്പനി, ദിവസേന നൂറുകണക്കിന് സർവീസുകളാണ് നടത്തിവന്നിരുന്നത്. ഏകദേശം 17,000 പേർ കമ്പനിയിൽ ജോലി ചെയ്തിരുന്നു.
കോവിഡ് കാലം മുതൽ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കമ്പനി സർക്കാർ സഹായം പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ലഭിക്കാതെ വന്നതോടെ പ്രവർത്തനം അവസാനിപ്പിക്കാൻ നിർബന്ധിതരായി. ഏകദേശം 2,500 കോടി ഡോളറിന്റെ നഷ്ടവും 8,100 കോടി ഡോളറിന്റെ ബാധ്യതയും കമ്പനിയെ ബാധിച്ചിരുന്നു. ആസ്തി 8,600 കോടി ഡോളർ ഉണ്ടെങ്കിലും കടബാധ്യതകൾ മറികടക്കാൻ കഴിഞ്ഞില്ല.
കമ്പനിയെ രക്ഷിക്കാൻ മാനേജ്മെന്റ് നടത്തിയ ശ്രമങ്ങൾക്ക് പൈലറ്റുമാരടക്കമുള്ള ജീവനക്കാരുടെ പൂർണ പിന്തുണ ഉണ്ടായിരുന്നുവെങ്കിലും അത് ഫലപ്രദമായില്ല. സേവനം നിർത്തിയതോടെ ആയിരക്കണക്കിന് ജീവനക്കാർ തൊഴിൽരഹിതരായി.
