അറ്റ്ലാന്റിക് സമുദ്രത്തിൽ കേപ് വെർഡെയ്ക്ക് സമീപം നങ്കൂരമിട്ടിരിക്കുന്ന ആഡംബര ക്രൂയിസ് കപ്പലിൽ ഹാന്റവൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആശങ്കയിലായി അന്താരാഷ്ട്ര ആരോഗ്യ മേഖല. കഴിഞ്ഞ ദിവസം രണ്ട് കേസുകളാണ് സ്ഥിരീകരിച്ചത്. അഞ്ച് പേർ നിരീക്ഷണത്തിലാണ്. ആകെയുള്ള ഏഴ് കേസുകളിൽ മൂന്ന് പേർ മരണപ്പെട്ടു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. നേരിയ ലക്ഷണങ്ങൾ കണ്ടെത്തിയ മൂന്ന് പേർ ചികിത്സയിലാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
മാർച്ചിൽ അർജന്റീനയിൽ നിന്ന് അന്റാർട്ടിക്കയിലേക്ക് പുറപ്പെട്ട കപ്പലിൽ ബ്രിട്ടീഷ്, അമേരിക്കൻ, സ്പാനിഷ് യാത്രക്കാരടക്കം ഏകദേശം 150 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. മരിച്ചവരിൽ ഡച്ച് ദമ്പതികളും ഒരു ജർമ്മൻ പൗരനും ഉൾപ്പെടുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ഒരു ബ്രിട്ടീഷ് യാത്രക്കാരനെ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.
സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കപ്പൽ ഓപ്പറേറ്റർമാർ അറിയിച്ചിട്ടുണ്ടെങ്കിലും, യാത്രക്കാരെ സ്‌ക്രീൻ ചെയ്ത് സുരക്ഷിതമായി ഇറക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മുൻകരുതലായി കേപ് വെർഡെ കപ്പലിനെ കടലിൽ തന്നെ തുടരാൻ നിർദേശിച്ചിട്ടുണ്ട്.
ഹാന്റവൈറസ് സാധാരണയായി എലികളിൽ നിന്നാണ് മനുഷ്യരിലേക്ക് പകരുന്നത്. രോഗബാധിതരായ എലികളുടെ വിസർജ്യങ്ങളോ സ്രവങ്ങളോ കലർന്ന പൊടിയുമായുണ്ടാകുന്ന സമ്പർക്കത്തിലൂടെയാണ് വൈറസ് പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് വളരെ അപൂർവമാണ്. അതിനാൽ പൊതുജനങ്ങൾക്ക് വലിയ തോതിലുള്ള പകർച്ചാഭീഷണി നിലവിൽ കുറവാണെന്ന് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നു.
എന്നാൽ രോഗബാധിതരിൽ മരണനിരക്ക് ഉയർന്നതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. ഹാന്റവൈറസ് പൾമണറി സിൻഡ്രോമിൽ 25 മുതൽ 50 ശതമാനം വരെ മരണസാധ്യതയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തുടക്കത്തിൽ പനി, തലവേദന, പേശിവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടുകയും പിന്നീട് ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങളിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.
കൊറോണ വൈറസുമായി താരതമ്യം ചെയ്യുമ്പോൾ, മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് കുറവാണെങ്കിലും വ്യക്തിഗതമായി കൂടുതൽ മാരകമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേക വാക്സിനോ മരുന്നോ ഇല്ലാത്തതിനാൽ, പ്രാഥമിക ചികിത്സയും ഐസൊലേഷനും തന്നെയാണ് പ്രധാന പ്രതിരോധ മാർഗങ്ങൾ.
