ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വൻ വളർച്ചയുടെ പിന്തുണയിൽ ആഗോള ടെക് ഭീമനായ സാംസങ് ഒരു ട്രില്യൺ ഡോളർ വിപണി മൂല്യം മറികടന്നു. തായ്‌വാൻ സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കമ്പനിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഏഷ്യൻ കമ്പനിയായാണ് സാംസങ് ചരിത്രത്തിൽ ഇടംപിടിച്ചത്.
എ.ഐ ചിപ്പുകൾക്കും മെമ്മറി ചിപ്പുകൾക്കും ആഗോളതലത്തിൽ വർധിച്ച ആവശ്യകതയാണ് സാംസങ്ങിന്റെ ഓഹരി മൂല്യത്തിൽ വലിയ ഉയർച്ചയ്ക്ക് കാരണമായത്. കഴിഞ്ഞ മാസങ്ങളിലായി കമ്പനിയുടെ ഓഹരി വിലയിൽ 11 ശതമാനത്തോളം വർധനവുണ്ടായി. ഇതോടെ ദക്ഷിണ കൊറിയയുടെ പ്രധാന ഓഹരി സൂചികയായ ‘കോസ്‌പി’യും റെക്കോർഡ് ഉയരത്തിലെത്തി.
കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്‌ചർ, ഡാറ്റാ സെന്ററുകൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന നൂതന മെമ്മറി ചിപ്പുകളുടെ നിർമ്മാണത്തിൽ സാംസങ് നിർണായക ശക്തിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ മാർച്ച് പാദത്തിൽ കമ്പനിയുടെ വരുമാനം വൻ തോതിൽ ഉയർന്നതും മെമ്മറി ചിപ്പ് വിപണിയിലെ ആധിപത്യം വ്യക്തമാക്കുന്നതാണ്. ചിപ്പ് വിതരണത്തിലെ കുറവും വില വർധനവും വരും മാസങ്ങളിലും സാംസങ്ങിന് നേട്ടമാകുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
ഇതിനിടെ സ്മാർട്ട്ഫോൺ രംഗത്തും പുതിയ നീക്കങ്ങളുമായി സാംസങ് മുന്നേറുകയാണ്. ഗാലക്‌സി എ27 എന്ന പുതിയ മോഡൽ ഉടൻ അവതരിപ്പിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ബ്രസീലിലെ സാംസങ് വെബ്സൈറ്റിൽ സാംസങ് വാലറ്റിനോട് അനുയോജ്യമായ ഫോണുകളുടെ പട്ടികയിൽ ഗാലക്‌സി എ27 ഉൾപ്പെട്ടതോടെയാണ് പുതിയ മോഡലിനെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം ഹോൾ-പഞ്ച് ഡിസ്പ്ലേ, പിൻഭാഗത്ത് ലംബമായി ക്രമീകരിച്ച ട്രിപ്പിൾ ക്യാമറ സംവിധാനം, കീ ഐലൻഡ് ഡിസൈൻ എന്നിവയോടെയാകും ഗാലക്‌സി എ27 എത്തുക.
അതേസമയം നിർമ്മാണ സാമഗ്രികളുടെ വിലവർധനയും തൊഴിലാളി സംഘടനകളുടെ പണിമുടക്ക് പ്രഖ്യാപനവും സാംസങ്ങിന് വെല്ലുവിളിയാകുന്നുണ്ട്. എന്നിരുന്നാലും എ.ഐയും ചിപ്പ് നിർമ്മാണ മേഖലയിലുമുള്ള മുന്നേറ്റം കമ്പനിയുടെ വളർച്ചയ്ക്ക് കരുത്താകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
