അമേരിക്ക പ്രഖ്യാപിച്ച പുതിയ താരിഫിൽ ഇന്ത്യ 5.76 ബില്യണ്‍ ഡോളറിന്റെ തിരിച്ചടി നേരിടുമെന്ന് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (ജിടിആര്‍ഐ). പുതിയ തീരുവ പ്രകാരം ഭൂരിപക്ഷം മേഖലകൾക്കും ഇത് ആഘാതം നേരിടേണ്ടിവരുമെന്ന് ഡല്‍ഹി ആസ്ഥാനമായുള്ള ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് എന്ന സംഘടന പറഞ്ഞു.
ഏപ്രില്‍ 9 മുതല്‍ ചില ഇനങ്ങള്‍ ഒഴികെയുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 26 ശതമാനം അധിക താരിഫ് ചുമത്തും. 2024ല്‍ ഇന്ത്യ യുഎസിലേക്ക് 89.81 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ കയറ്റുമതി ചെയ്തിരുന്നു. എന്നാൽ, ഈ വർഷം ചരക്ക് കയറ്റുമതി 6.41 ശതമാനം കുറയുമെന്നാണ് കരുതുന്നത്. അതിനാൽ ഗണ്യമായ കയറ്റുമതി നഷ്ടം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് തിങ്ക് ടാങ്ക് പറയുന്നത്.
യുഎസിലേക്ക് ഇലക്ട്രോണിക്സും സ്മാര്‍ട്ട്ഫോണുകളും വിതരണം ചെയ്യുന്ന നാലാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. നിലവില്‍ ഇന്ത്യക്ക് 6.68 ശതമാനം വിപണി വിഹിതമുണ്ട്. 2024 ല്‍ 14.4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇലക്ട്രോണിക്സും സ്മാര്‍ട്ട്ഫോണുകളും യുഎസിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു. ഇത് ഈ വിഭാഗത്തിലെ ആഗോള കയറ്റുമതിയുടെ 35.8 ശതമാനം വരും. നിലവിലെ ശരാശരി തീരുവ വെറും 0.4 ശതമാനം മാത്രമാണെങ്കിലും, ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി ഉയര്‍ന്ന താരിഫ് നേരിടേണ്ടിവരും.
ഇലക്ട്രോണിക്സിലും സ്മാര്‍ട്ട്ഫോണുകളിലും ഉണ്ടാകുന്ന താരിഫ് വര്‍ദ്ധനവിന്റെ ആഘാതം ഇന്ത്യയുടെ യുഎസിലേക്കുള്ള കയറ്റുമതി ഏകദേശം 1.78 ബില്യണ്‍ ഡോളര്‍ കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. യന്ത്രസാമഗ്രികളുടെയും മെക്കാനിക്കല്‍ ഉപകരണങ്ങളുടെയും കയറ്റുമതിയില്‍ 2 ശതമാനം കുറവ് വരും
അതായത്,142.1 മില്യണ്‍ ഡോളര്‍ കുറയാൻ സാധ്യതയുണ്ട്.
സമുദ്രോല്‍പ്പന്ന കയറ്റുമതിയിൽ 20.2 ശതമാനം കുറയുമെന്ന് ജിടിആര്‍ഐ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വർഷം യുഎസ് 2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ ശീതീകരിച്ച മത്സ്യവും ചെമ്മീനും ഇറക്കുമതി ചെയ്തു. നേരത്തെ താരിഫ് പൂജ്യം ആയിരുന്നത് ഇപ്പോള്‍ 26 ശതമാനമാണ്.
ഉരുക്ക് വസ്തുക്കള്‍ക്ക് 18 ശതമാനവും സ്വര്‍ണാഭരണങ്ങള്‍, വജ്രങ്ങള്‍ എന്നിവയുടെ കയറ്റുമതിയിൽ 15.3 ശതമാനവും കുറയുമെന്നും തിങ്ക് ടാങ്ക് പറയുന്നു. പെട്രോളിയം, സോളാര്‍ പാനലുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ചെമ്പ് എന്നിവയ്ക്ക് രാജ്യാധിഷ്ഠിത താരിഫുകളില്‍ നിന്നുള്ള ഇളവുകള്‍ ബാധകമാണ്.