ഓഹരി വിപണിയുടെ ഇന്നത്തെ തകർച്ചയിൽ ടാറ്റ ഗ്രൂപ്പിന്റെ ട്രെന്റ് ലിമിറ്റഡിന്റെ ഓഹരികളാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. അതായത്, 17.85% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ജൂൺ മുതൽ 10 മാസത്തിനിടയിൽ സംഭവിച്ച ഏറ്റവും വലിയ ഇടിവാണ് ഇത്. ഇതോടെ തുടർച്ചയായ മൂന്നാം ദിവസമാണ് ട്രെൻ്റിൻ്റെ ഓഹരികളിൽ നഷ്ടം രേഖപ്പെടുത്തുന്നത്.
മാർച്ച് പാദത്തിൽ ട്രെന്റിന്റെ വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 28% വർദ്ധിച്ചു. എന്നാൽ, ടിസിഎസ്, ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്സ്, ടൈറ്റൻ, ടാറ്റാ കൺസ്യൂമർ പ്രോഡക്ട്സ് എന്നിവയും ഇന്നു വൻതോതിൽ ഇടിഞ്ഞതോടെ സംയോജിത വിപണിമൂല്യത്തിൽ നിന്ന് നഷ്ടമായത് 1.28 ലക്ഷം കോടി രൂപയാണ്. ട്രെന്റിന്റെ നാലാം പാദത്തിലെ ടോപ് ലൈൻ വളർച്ച പ്രതീക്ഷകൾക്ക് അനുസൃതമായിരുന്നില്ലെന്ന് അമേരിക്കൻ ധനകാര്യ സ്ഥാപനമായ മോർഗൻ സ്റ്റാൻലി പറഞ്ഞു.
മാത്രമല്ല, ടാറ്റാ സ്റ്റീലിനും 11 ശതമാനത്തിലധികം ഇടിവുണ്ടായി. സ്റ്റീലിനും അലുമിനിയത്തിനും 25% ചുങ്കം, ആഗോള സാമ്പത്തികമാന്ദ്യ ഭീതി എന്നിവയാണ് ഓഹരികളെ നഷ്ടത്തിലാഴ്ത്തിയത്. ഇന്ത്യൻ ഐടി കമ്പനികളുടെ മുഖ്യവിപണിയായ യുഎസിലെ സാമ്പത്തികനയങ്ങളുടെ പശ്ചാത്തലത്തിൽ ടിസിഎസ് ഓഹരി 7 ശതമാനത്തോളം ഇടിഞ്ഞു. ടൈറ്റൻ, ടാറ്റാ കൺസ്യൂമർ പ്രോഡക്ട്സ് എന്നിവ 6 ശതമാനത്തോളവും നഷ്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്.