സംസ്ഥാനത്ത് ഷിഗെല്ല രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. മലിനമായ ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും പകരുന്ന ഷിഗെല്ല ബാക്ടീരിയയാണ് രോഗത്തിന് കാരണമാകുന്നത്. ഈ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗാവസ്ഥയെ ഷിഗെല്ലോസിസ് എന്ന് വിളിക്കുന്നു.
രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്. ചിലരിൽ വയറിളക്കത്തോടൊപ്പം രക്തസാന്നിധ്യവും ഉണ്ടാകാം. പനി, വയറുവേദന എന്നിവയും രോഗലക്ഷണങ്ങളാണ്. ബാക്ടീരിയ ശരീരത്തിലെത്തിയ ശേഷം ഒരാഴ്ചയ്ക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. കുട്ടികളിലാണ് രോഗബാധയ്ക്ക് കൂടുതൽ സാധ്യത.
ശുചിത്വമില്ലാത്ത ഭക്ഷണവും വെള്ളവും ഉപയോഗിക്കുന്നതിലൂടെയും രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയും രോഗം പടരാം. രോഗബാധിതർ ഉപയോഗിച്ച ശുചിമുറികൾ, ഡയപ്പറുകൾ, മലിനമായ കൈകൾ എന്നിവയും രോഗവ്യാപനത്തിന് കാരണമാകുന്നു.
തുടർച്ചയായ വയറിളക്കം മൂലം നിർജലീകരണം സംഭവിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം. ചെറിയ കുട്ടികളിൽ അപസ്മാരം പോലുള്ള സങ്കീർണതകൾക്കും സാധ്യതയുണ്ട്. ഗുരുതര സാഹചര്യങ്ങളിൽ വൃക്കകളുടെ പ്രവർത്തനത്തെ പോലും രോഗം ബാധിക്കാം.
രോഗം തടയാൻ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പ്രാധാനമാണ്. കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണം ശുചിത്വത്തോടെ തയ്യാറാക്കുക, വയറിളക്കമുള്ളവർ ഭക്ഷണം കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.
വയറിളക്കം, പനി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് ശ്രമിക്കാതെ ഉടൻ വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
