ഇനോക്സ് ക്ലീനിൻ്റെ അനുബന്ധ സ്ഥാപനമായ ഇനോക്സ് സോളാറിന് ഒഡീഷ സർക്കാർ 70 ഏക്കർ ഭൂമി അനുവദിച്ചു. പുതുതായി അനുവദിച്ച സ്ഥലത്ത് 4,000 കോടി രൂപയുടെ പദ്ധതിയാണ് വരാൻ പോകുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ 4.8 ജിഗാവാട്ട് സോളാർ സെല്ലും 4.8 ജിഗാവാട്ട് സോളാർ മൊഡ്യൂളും അടങ്ങുന്ന വലിയ പാൻ്റാണ് നിർമ്മിക്കുന്നത്.
“ഒഡീഷയെ ഒരു ഹരിത ഊർജ്ജ കേന്ദ്രമാക്കി മാറ്റുക എന്ന ഞങ്ങളുടെ സ്വപ്നവുമായി യോജിക്കുന്നതാണ് ഈ പദ്ധതി. ഇതുവഴി ഞങ്ങൾ സുസ്ഥിരമായ വ്യാവസായിക വളർച്ചയെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംസ്ഥാനത്തുടനീളം സാമ്പത്തിക വികസനം വർദ്ധിപ്പിക്കുകയും ചെയ്യും,” ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു.
ഇനോക്സ് ക്ലീൻ ഐഎൻഎക്സ്ജിഎഫ്‌എൽ ഗ്രൂപ്പിന്റെ ഭാഗമാണ്. അതിനാൽ 4,000 കോടി രൂപയുടെ നിക്ഷേപമാണ് ഐഎൻഎക്സ്ജിഎഫ്‌എൽ ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈ-ലെവൽ ക്ലിയറൻസ് അതോറിറ്റി (എച്ച്എൽസിഎ) അംഗീകരിച്ച ഈ പദ്ധതി നിക്ഷേപം വർദ്ധിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഒഡീഷയുടെ ദീർഘകാല സാമ്പത്തിക വികസനത്തിന് സഹായകരമാകുകയും ചെയ്യും. 3,400-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
“ഈ ഭൂമി അനുവദിച്ചത് ഞങ്ങളുടെ സൗരോർജ്ജ ഉത്പാദനം വികസിപ്പിക്കാൻ അനുവദിക്കും. പുനരുപയോഗ ഊർജ്ജത്തിലെ ഞങ്ങളുടെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തുന്നതിലൂടെ, നാടിനെയും ബിസിനസുകളെയും ഒരുപോലെ ശാക്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്” ഐഎൻഎക്സ്ജിഎഫ്‌എൽ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ദേവാൻഷ് ജെയിൻ പറഞ്ഞു.