രാജ്യത്ത് എണ്ണ വിപണന കമ്പനികളുടെ ഓഹരികളില്‍ മുന്നേറ്റം. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ ഓഹരി വിലയാണ് ഉയര്‍ന്നത്. കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പാചക വാതക വിലയും പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടിയും വർധിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് എണ്ണ കമ്പനികളുടെ ഓഹരി വിലയിൽ ഇന്ന് മാറ്റം ഉണ്ടായത്.
എൽപിജിയുടെ വില വർധന വഴി നടപ്പു സാമ്പത്തിക വര്‍ഷം എണ്ണ വിപണന കമ്പനികള്‍ക്ക് 9000 കോടി രൂപ അധികമായി ലഭിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ ലഭിച്ചാൽ കമ്പനികൾക്ക് നിലവിലെ നഷ്ടം നികത്താൻ സഹായിക്കും. എണ്ണ വിപണന കമ്പനികള്‍ക്ക് 32,000 കോടി രൂപയുടെ നഷ്‌ട പരിഹാര പാക്കേജിന്
മന്ത്രിസഭയുടെ അനുമതി ലഭിക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം.
ക്രൂഡ് ഓയില്‍ വില കുറയുന്നതും എണ്ണ വിപണന കമ്പനികള്‍ക്ക് ഗുണകരമാകും. ക്രൂഡ് ഓയില്‍ വില ബാരലിന് 60 ഡോളറിന് താഴേക്കാണ് കുറഞ്ഞത്.
ഇന്ന് എച്ച്‌പിസിഎല്ലിന്റെ ഓഹരി വില നാല് ശതമാനം വരെ ഉയര്‍ന്നു. 367.50 രൂപയാണ് രേഖപ്പെടുത്തിയത്. ബിപിസിഎല്‍ 2.7 ശതമാനവും ഐഒസി 1.7 ശതമാനവും നേട്ടം രേഖപ്പെടുത്തി.