സൗരോർജ്ജത്തിൽ നിന്നും വിൻഡ് മില്ലിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമായി ഇന്ത്യ. ചൈനയ്‌ക്കും യുഎസിനും ശേഷം മൂന്നാമത്തെ വലിയ വൈദ്യുതി ഉൽപ്പാദക രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ വർഷം ആഗോള വൈദ്യുതിയുടെ 15 ശതമാനം സൗരോർജ്ജവും കാറ്റാടി ഊർജ്ജവും ഇന്ത്യ ഉൽപ്പാദിപ്പിച്ചതായി എംബറിന്റെ വൈദ്യുതി ഉത്‌പാദനത്തെക്കുറിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയുടെ കാറ്റ്,സൗരോർജ്ജം എന്നിവയുടെ ഉൽപ്പാദനം അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ നിന്നുള്ള ഇന്ത്യയുടെ ഉൽപാദന ശേഷി – 215 ടെറാവാട്ട്-പെർ അവർ (TWh) ആണ്. 2024 ൽ രാജ്യത്തെ മൊത്തം വൈദ്യുതിയുടെ 7 ശതമാനം സൗരോർജ്ജത്തിൽ നിന്നാണ് ലഭിച്ചത്. 2021 മുതൽ ഉത്പാദനം ഇരട്ടിച്ചു. 2024 ൽ ഇന്ത്യ 24 GW സൗരോർജ്ജ ശേഷിയിലെത്തി. ഇത് 2023 ലെ ഉത്പാദനത്തിൻ്റെ ഇരട്ടിയിലധികമാണ്. അതുകൊണ്ടാണ് ജർമ്മനിയെ മറികടന്ന് ഇന്ത്യക്ക് മൂന്നാമത്തെ വലിയ രാജ്യമായി മാറാനായത്.
“സൗരോർജ്ജം ആഗോള ഊർജ്ജ പരിവർത്തനത്തിൻ്റെ എഞ്ചിനായി മാറിയിരിക്കുന്നു. ഏറ്റവും വലുതും വേഗത്തിൽ വളരുന്നതുമായ വൈദ്യുതി സ്രോതസ്സ് എന്ന നിലയിൽ, ലോകത്തിലെ വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിൽ സൗരോർജ്ജം നിർണായകമാണ്,” എംബർ മാനേജിംഗ് ഡയറക്ടർ ഫിൽ മക്ഡൊണാൾഡ് പറഞ്ഞു.