തീയറ്ററിലെത്തി സിനിമ കാണുന്നവരുടെ എണ്ണം കുറഞ്ഞതോടെ മലയാള സിനിമയും തീയറ്ററുകളും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. ഏപ്രില്‍ 10 വരെ 69 സിനിമകളാണ് മലയാളത്തില്‍ റിലീസായത്. ഇതില്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ച ചിത്രങ്ങളുടെ എണ്ണം അഞ്ചില്‍ താഴെ സിനിമകൾക്ക് മാത്രമാണ്.
നാലംഗങ്ങളുള്ള ഒരു കുടുംബം തീയറ്ററിലെത്തി ഒരു സിനിമ കണ്ടുമടങ്ങണം എങ്കിൽ ചുരുങ്ങിയത് 1,000 രൂപ എങ്കിലും ചിലവാകും. തീയറ്ററിലെത്തുന്ന സിനിമകൾ ഒ.ടി.ടിയില്‍ അധികം വൈകാതെ എത്തുന്നതും തീയറ്ററിലെത്തി സിനിമ കാണുന്നത് കൂടുതല്‍ പണച്ചെലവേറിയ കാര്യമായി മാറിയതുമാണ് സിനിമ മേഖലയ്ക്ക് തിരിച്ചടിയാകുന്നത്. കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രം തീയറ്ററില്‍ പ്രദര്‍ശനം തുടരുന്ന സമയത്ത് തന്നെ ഒ.ടി.ടിയിലും റിലീസ് ചെയ്തിരുന്നു. ഒ.ടി.ടി റിലീസിനുശേഷം തീയറ്ററുകളില്‍ പെട്ടെന്ന് ആളു കുറഞ്ഞിരുന്നു. ഇത്തരത്തില്‍ ഒ.ടി.ടികളില്‍ സിനിമകള്‍ നേരത്തെ എത്തുന്നത് തീയറ്റുകളുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാക്കുമെന്നാണ് ഉടമകള്‍ പറയുന്നത്.
മുമ്പൊക്കെ മധ്യവേനല്‍ അവധിക്കാലം സിനിമകളുടെ നല്ല കാലമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പതിവ് തെറ്റി. തീയറ്ററിലെത്തി സിനിമ കാണുന്നതിനോട് മലയാളികള്‍ക്ക് പഴയ താല്പര്യമില്ലെന്ന സൂചനകളാണ് ഇതു നല്കുന്നത്.
ഏപ്രില്‍ 10 വരെ റിലീസായ ചിത്രങ്ങളിൽ ആസിഫലി നായകനായ രേഖചിത്രം ആണ് കൂടുതല്‍ ലാഭമുണ്ടാക്കിയ ചിത്രം. എംപുരാന്‍ 150 കോടിക്ക് അടുത്ത് കളക്ട് ചെയ്‌തെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. എന്നാൽ മുടക്കുമുതല്‍ തിരിച്ചു പിടിക്കാന്‍ സാധിച്ചിട്ടില്ല. ചിത്രത്തിന്റെ ബജറ്റ് ഉയര്‍ന്നതാണ് കാരണം.