ചരിത്രത്തിലാദ്യമായി രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും പവൻ 70,000 രൂപ കടന്നു. ഈ വർഷം ഇതിനകം പവന് 13,280 രൂപയാണ് കൂടിയത്. ഗ്രാമിന് 1,660 രൂപയും കൂടി. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം ഒരു പവന് 4,360 രൂപയും ഗ്രാമിന് 545 രൂപയും ഉയർന്നു. യുഎസ്-ചൈന വ്യാപാരയുദ്ധം, ഓഹരി വിപണികളുടെ ഇടിവ്, ഡോളറിന്റെ മൂല്യത്തകർച്ച എന്നിവ മുതലെടുത്താണ് സ്വർണവിലയുടെ തേരോട്ടം.
22 കാരറ്റ് സ്വർണത്തിനൊപ്പം 18 കാരറ്റ് സ്വർണ്ണം, വെള്ളി വിലകളും കുതിപ്പ് തുടരുകയാണ്. ഇന്നു 18 കാരറ്റിന് വില ഗ്രാമിന് 15 രൂപ ഉയർന്ന് സർവകാല റെക്കോർഡായ 7,260 രൂപയായി. 22 കാരറ്റ് സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ 18 കാരറ്റിന് മികച്ച വിലക്കുറവുണ്ടെന്നത് ഇവയുടെ സ്വീകാര്യത വർധിപ്പിക്കുന്നുണ്ട്.
3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും ചേരുമ്പോൾ ഇന്നു കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 75,932 രൂപ നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിനു 9,492 രൂപയും. പൊതുവേ പല വ്യാപാരികളും ശരാശരി 10% പണിക്കൂലിയാണ് ഈടാക്കുന്നതെന്ന് ഓർക്കണം. അങ്ങനെയെങ്കിൽ വില ഇതിലും കൂടുതലായിരിക്കും. ഇനി ഡിസൈനർ ആഭരണങ്ങൾ ആണെങ്കിൽ പണിക്കൂലി 30-35 ശതമാനം വരെയൊക്കെയാകാം.