കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ (സിഡ്‌കോ) തുടർച്ചയായ മൂന്നാം വർഷവും ലാഭം നേട്ടത്തിൽ. 2024-25 സാമ്പത്തിക വർഷം 238 കോടി രൂപയുടെ വിറ്റുവരവും മികച്ച ലാഭവും നേടിയതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു.
തുടർച്ചയായ മൂന്നാമത്തെ വര്‍ഷമാണ് സിഡ്കോ 200 കോടി രൂപയ്ക്കു മുകളിൽ വാർഷിക വിറ്റുവരവ് നേടുന്നത്. കഴിഞ്ഞ 15 വർഷക്കാലയളവിനുള്ളിൽ സിഡ്‌കോ ആദ്യമായി ലാഭത്തിലെത്തുന്നത് 2022-23 സാമ്പത്തിക വർഷത്തിലാണ്. ആ വർഷം 229 കോടി രൂപയുടെ വിറ്റുവരവും 48 ലക്ഷം ലാഭവും നേടി. ഈ വർഷം ലാഭം ഇരട്ടിയാക്കിയും വിറ്റുവരവ് വർധിപ്പിച്ചും സിഡ്കോ മുന്നേറ്റം തുടരുന്നു.
കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളെ സുസ്ഥിരലാഭത്തിലേക്ക് എത്തിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് സിഡ്കോയേയും തുടർച്ചയായ ലാഭത്തിലെത്തിച്ചതെന്ന് മന്ത്രി പറഞ്ഞു.
വിഎസ്എസ്സി, ഐഎസ്ആര്‍ഒ, ബ്രഹ്‌മോസ്, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ സിഡ്കോയുടെ പ്രധാന ഉപഭോക്താക്കളാണ്.