രാജ്യത്തെ ഏറ്റവും വലിയ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് വീണ്ടും വില വർധിപ്പിക്കാൻ ഒരുങ്ങുന്നു. വിപണികളിലെ അസ്ഥിരതയും ലോകമെമ്പാടുമുള്ള മാക്രോ ഇക്കണോമിക് ഘടകങ്ങളും കണക്കിലെടുത്താണ് വില വർധിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
അതേസമയം, ഈ സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ കമ്പനിയുടെ വിൽപ്പനയിൽ ഏകദേശം 13 ശതമാനം ഇടിവാണ് (yoy) റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വില്പന 5,412 യൂണിറ്റായിരുന്നു. ഇതിന് കാരണം എൻട്രി ലെവൽ കാറുകളുടെ വിൽപ്പന കുറവാണ്.
ഇത് ഉൾപ്പെടെ കഴിഞ്ഞ നാല് മാസത്തിനിടെ മൂന്നാം തവണയാണ് മെഴ്‌സിഡസ് ബെൻസ് വില വർധിപ്പിക്കുന്നത്. ജനുവരിയിലാണ് ആദ്യം വില വർധിപ്പിച്ചത്. രണ്ടാമത്, മാർച്ചിൽ രണ്ട് മോഡലുകൾക്ക് വില വർധിപ്പിച്ചതായി കമ്പനി സി ഇ ഒ സന്തോഷ് അയ്യർ പറഞ്ഞു.
യൂറോയും രൂപയും തമ്മിലുള്ള വിനിമയ നിരക്ക് കണക്കിലെടുക്കുമ്പോൾ, വർദ്ധിച്ചുവരുന്ന വില കാരണം ഇപ്പോൾ മറ്റ് മോഡലുകൾക്കും വില വർധിപ്പിക്കേണ്ട ആവശ്യകതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആർബിഐ നിരക്ക് കുറച്ചത് ഉപഭോക്താക്കൾക്ക് ഗുണം ചെയ്യും. അതായത്, അവരുടെ ഇഎംഐ കുറയും. അതിലൂടെ ആളുകൾക്ക് കാറുകൾ വാങ്ങാനും അതുവഴി കാർ വില്പന വർധിക്കുക്ജയും ചെയ്യുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.