പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവും കാരണം ഇന്ത്യയിലേക്കുള്ള ഹീലിയം, അമോണിയം വാതകങ്ങളുടെ ഇറക്കുമതി നിലച്ചതോടെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലായി. മരുന്ന് നിർമ്മാണത്തിലും എംആർഐ പോലുള്ള മെഡിക്കൽ ഉപകരണങ്ങളുടെ പ്രവർത്തനത്തിലുമാണ് വാതകക്ഷാമം രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
ഇന്ത്യ പ്രധാനമായും വിദേശ രാജ്യങ്ങളെയാണ് ഇത്തരം വാതകങ്ങൾക്കായി ആശ്രയിക്കുന്നത്. പ്രത്യേകിച്ച് ഹീലിയം പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് ഖത്തറിൽ നിന്നാണ്.
ആഭ്യന്തരമായി ലഭ്യമായ ശേഖരങ്ങൾ മരുന്ന് നിർമ്മാതാക്കൾക്കും മെഡിക്കൽ ഉപകരണ മേഖലക്കും മുൻഗണന നൽകി വിതരണം ചെയ്യണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എംആർഐ മെഷീനുകളുടെ പ്രവർത്തനത്തിൽ ഹീലിയത്തിന്റെ പങ്ക് നിർണായകമാണ്. മെഷീനുകളുടെ ഉള്ളിലെ ശക്തമായ കാന്തങ്ങളെ മൈനസ് 269 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പിച്ചു നിലനിർത്താൻ ദ്രാവക രൂപത്തിലുള്ള ഹീലിയം അനിവാര്യമാണ്. രാജ്യത്തെ പല എംആർഐ സംവിധാനങ്ങളും പഴയ സാങ്കേതിക വിദ്യയിലുള്ളതിനാൽ വർഷംതോറും ഏകദേശം 600 ലീറ്റർ വരെ ഹീലിയം റീഫിൽ ആവശ്യമായി വരുന്നുണ്ട്.
മരുന്ന് നിർമ്മാണത്തിനും വ്യാവസായിക ഉപയോഗങ്ങൾക്കും അമോണിയം നിർണായക ഘടകമായതിനാൽ, ലഭ്യത കുറയുന്നത് ആരോഗ്യരംഗത്താകെ പ്രതിഫലിക്കുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
