കാൻസർ ചികിത്സയ്ക്കായി മണിക്കൂറുകളോളം ആശുപത്രികളിൽ ചെലവഴിക്കേണ്ട സാഹചര്യം രോഗികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കാറുള്ളത്. പ്രത്യേകിച്ച് ഇമ്മ്യൂണോ തെറാപ്പി ചികിത്സകൾക്ക് ദീർഘസമയം വേണ്ടിവരുന്ന സാഹചര്യത്തിലാണ് പുതിയ മുന്നേറ്റം ശ്രദ്ധേയമാകുന്നത്. വെറും ഏഴ് മിനിറ്റിനുള്ളിൽ ഇമ്മ്യൂണോ തെറാപ്പി മരുന്ന് നൽകാനാകുന്ന രീതിക്ക് ഇന്ത്യയിൽ അനുമതി ലഭിച്ചു.
സ്വിറ്റ്സർലൻഡ് ആസ്ഥാനമായ മരുന്ന് നിർമാതാക്കളായ റോച്ചെ വികസിപ്പിച്ച ‘ടെസെൻട്രിക്’ എന്ന മരുന്നിന്റെ സബ്ക്യൂട്ടേനിയസ് പതിപ്പിനാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അംഗീകാരം നൽകിയത്. പ്രധാനമായും ശ്വാസകോശ അർബുദ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണിത്. ചർമത്തിന് താഴെയുള്ള ഫാറ്റി ടിഷ്യൂവിലേക്ക് കുത്തിവെക്കുന്ന രീതിയിലൂടെയാണ് മരുന്ന് നൽകുന്നത്.
മുൻപ് ഐവി രീതിയിൽ മണിക്കൂറുകളെടുത്ത് നൽകിയിരുന്ന ചികിത്സ ഇപ്പോൾ ഏഴ് മിനിറ്റിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഇതിലൂടെ ചികിത്സാസമയം ഏകദേശം 80 ശതമാനം വരെ കുറയുമെന്നും പറയുന്നു.
സബ്ക്യൂട്ടേനിയസ് രീതിയിലൂടെ മരുന്ന് നൽകുന്നത് രോഗികളുടെ വേദനയും അസ്വസ്ഥതയും കുറയ്ക്കുന്നതിനൊപ്പം അണുബാധാ സാധ്യതയും കുറയ്ക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ കാൻസർ കോശങ്ങളെ മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ സഹായിക്കുന്നതാണ് ഇമ്മ്യൂണോ തെറാപ്പിയുടെ പ്രത്യേകത.
