തന്റെ ഭർത്താവിന്റെ പ്രിയപ്പെട്ട കമ്പനിയെ പുനരുജ്ജീവിപ്പിക്കുന്നതിനും, കടബാധ്യത തീർക്കുന്നതിനും ഒരു സ്ത്രീ നടത്തിയ ആത്മവിശ്വാസത്തിന്റെ കഥയാണ് മാളവിക ഹെഡ്ഗെയുടേത്. ദശലക്ഷക്കണക്കിന് ഇന്ത്യൻ യുവ സംരംഭകർക്ക് പ്രചോദനം നൽകുന്നതാണ് മാളവികയുടെ വിജയഗാഥ. സിസിഡി ബ്രാൻഡിന്റെ നവീകരണത്തിനും, കടബാധ്യത കുറയ്ക്കുന്നതിനും വേണ്ടി മാളവിക നടത്തിയ സംരംഭകയാത്ര ഏവർക്കും പ്രചോദനം നൽകുന്നതാണ്.
ഇന്ത്യയിലെ ജനപ്രിയമായ കോഫി ശൃംഖലകളിലൊന്നായ കഫേ കോഫി ഡേയുടെ (സിസിഡി) കഥ വിജയകരമായ ഒരു ബിസിനസ്സിനെക്കുറിച്ച് മാത്രമുള്ളതല്ല. അത് നിശ്ചയദാർഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റേയും വീണ്ടെടുപ്പിന്റെയും കഥ കൂടിയാണ്. സിസിഡിയുടെ സ്ഥാപകനായ വിജി സിദ്ധാർത്ഥ ദാരുണമായി ജീവനൊടുക്കിയപ്പോൾ, 7,000 കോടി രൂപയുടെ കടബാധ്യതയിൽ കമ്പനി തകർന്നു. ആ ഇരുണ്ട കാലത്താണ് അദ്ദേഹത്തിന്റെ ഭാര്യ മാളവിക ഹെഡ്ഗെ പ്രതീക്ഷയുടെ വെളിച്ചവുമായി കമ്പനിയെ ഏറ്റെടുത്തത്. വളരെ പ്രതിസന്ധി നിറഞ്ഞ കാലത്ത് സിസിഡിയെ നയിക്കുകയും ബിസിനസ്സിന് പുതിയ ജീവൻ നൽകുകയും ചെയ്ത വനിതയാണ് മാളവിക ഹെഡ്ഗെ.
സിസിഡിയുടെ സിഗ്നേച്ചർ കോഫി
ഭീമമായ കടബാധ്യതയിൽ പിന്മാറാതെ, സിസിഡിയെ പുനരുജ്ജീവിപ്പിക്കാനും അതിന്റെ ബാധ്യതകൾ ന്യായമായി ഇല്ലാതാക്കുന്നതിനുമുള്ള ദൗത്യം മാളവിക ആരംഭിച്ചു. വിവേകത്തോടെ, പ്രതിരോധശേഷിയും നിശ്ചയദാർഢ്യവും പ്രകടമാക്കുന്ന നടപടികളുടെ ഒരു പരമ്പര തന്നെ മാളവിക കമ്പനിയിൽ നടപ്പിലാക്കി. നഷ്ടം നികത്താൻ ആദ്യം തന്നെ മാളവിക ചെയ്തത്, സിസിഡിയുടെ സിഗ്നേച്ചർ കോഫികളുടെ വില വർദ്ധിപ്പിക്കേണ്ടതില്ലെന്ന ധീരമായ തീരുമാനമെടുത്തു. പകരം പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ചെലവ് ചുരുക്കാനും തിരഞ്ഞെടുത്തു. ലാഭകരമായ വരുമാനം നൽകാത്ത നൂറുകണക്കിന് കോഫി വെൻഡിംഗ് മെഷീനുകൾ നീക്കം ചെയ്യുകയും പ്രവർത്തനരഹിതമായ ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ കമ്പനിയെ കൃത്യമായി നിരീക്ഷിക്കാനും, കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും സഹായിച്ചു.
പുതിയ നിക്ഷേപം പുത്തനുണർവ്വ്
രണ്ടാമതായി, സിസിഡിയിലേക്ക് മൂലധനം നിക്ഷേപിക്കുന്നതിന് പുതിയ നിക്ഷേപകരെ കണ്ടെത്തുന്നതിനും, അവരുടെ നിക്ഷേപം സുരക്ഷിതമാക്കുന്നതിലും മാളവിക ശ്രദ്ധ കേന്ദ്രീകരിച്ചു. തന്ത്രപരമായ സഖ്യങ്ങളിലൂടെയും ഓഹരി വാങ്ങൽ കരാറുകളിലൂടെയും അവർ പല പ്രശസ്ത കമ്പനികളേയും വിജയകരമായി ആകർഷിക്കുകയും, സിസിഡി ബ്രാൻഡ് സംരക്ഷിക്കുന്നതിനുള്ള മൂല്യം അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. മൈൻഡ്ട്രീയിലെ ഓഹരി വിൽപ്പനയും യുഎസ് പ്രൈവറ്റ് ഇക്വിറ്റി ഭീമനായ ബ്ലാക്ക്‌സ്റ്റോണുമായുള്ള സഹകരണവും കമ്പനിയുടെ കടം കുറയ്ക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
കോവിഡ്-19 മഹാമാരി ഉയർത്തിയ വെല്ലുവിളികൾക്കിടയിലും, മാളവിക ഹെഡ്ഗെയുടെ നേതൃത്വവും അർപ്പണബോധവും സിസിഡിയെ അതിജീവിക്കാൻ മാത്രമല്ല, പ്രയാസകരമായ സമയങ്ങളിൽ അഭിവൃദ്ധി പ്രാപിക്കാനും പ്രാപ്തമാക്കി. സിസിഡി ഔട്ട്‌ലെറ്റുകളിലുടനീളം കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ അവർ നടപ്പിലാക്കി. ഉപഭോക്താക്കളിൽ ആത്മവിശ്വാസം വളർത്തുകയും അവരുടെ പ്രിയപ്പെട്ട കഫേകളിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. പ്രതിബദ്ധതയോടെ, സ്റ്റാർബക്സ് പോലുള്ള മറ്റ് കോഫി ശൃംഖലകളുമായി മത്സരിച്ച് സിസിഡി രാജ്യത്തുടനീളം അതിന്റെ സാന്നിധ്യം വിപുലീകരിച്ചു.
കഫേ കോഫി ഡേ ഏത് പ്രതിസന്ധിയേയും മറികടക്കാൻ പ്രാപ്തയായ ഒരു വനിതയുടെ അജയ്യമായ ആത്മമവിശ്വാസത്തിന്റെ തെളിവായി നിലകൊള്ളുന്നു. സംരംഭകത്വ ലോകത്ത് ഒരു യഥാർത്ഥ പ്രചോദനമാണ് മാളവികയുടേയും സിസിഡിയുടേയും വിജയഗാഥ.