സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. ജൂൺ 15 മുതൽ പദ്ധതി പ്രാബല്യത്തിൽ വരും.
സംസ്ഥാന സർക്കാരിന്റെ ഇന്ദിര ഗ്യാരന്റി പദ്ധതികളുടെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. സൗജന്യ യാത്ര മൂലം കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന വരുമാനനഷ്ടം സർക്കാർ പൂർണമായും നികത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പദ്ധതിക്കായി പ്രതിമാസം 65 മുതൽ 70 കോടി രൂപ വരെ അധിക ചെലവ് പ്രതീക്ഷിക്കുന്നതായി സർക്കാർ കണക്കാക്കുന്നു. വാർഷികമായി ഏകദേശം 800 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ കെഎസ്ആർടിസിക്ക് സർക്കാർ നൽകുന്ന സാമ്പത്തിക സഹായത്തിന് പുറമെയാണ് ഈ തുകയും അനുവദിക്കുക.
ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കി സാമ്പത്തികവും പ്രവർത്തനപരവുമായ പ്രത്യാഘാതങ്ങൾ വിലയിരുത്തും. തുടർന്ന് ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള മറ്റ് സർവീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാകുമോ എന്ന കാര്യം പരിശോധിക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് മലബാർ മേഖലയിലെ ഓർഡിനറി ബസുകളുടെ കുറവ് സർക്കാർ അംഗീകരിക്കുന്നുണ്ട്. പദ്ധതി ആരംഭിച്ചതിന് ശേഷം യാത്രക്കാരുടെ തിരക്കും സേവനാവശ്യകതയും വിലയിരുത്തി അധിക സർവീസുകൾ ആരംഭിക്കുന്നതടക്കമുള്ള നടപടികൾ പരിഗണിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
