കാട്ടുപന്നി ശല്യം പരിഹരിക്കാൻ വനംവകുപ്പ് പുതിയ മൊബൈൽ ആപ്പ് വികസിപ്പിക്കുന്നു. കാട്ടുപന്നി ശല്യമുണ്ടാകുന്ന സ്ഥലങ്ങളിൽ ഏറ്റവും അടുത്തുള്ള ലൈസൻസുള്ള ഷൂട്ടറുടെ സേവനം വേഗത്തിൽ ലഭ്യമാക്കുകയാണ് ആപ്പിന്റെ ലക്ഷ്യം.
പാമ്പുകളെ പിടികൂടുന്നതിനായി വനംവകുപ്പ് വിജയകരമായി നടപ്പാക്കിയ ‘സർപ്പ’ ആപ്പിന്റെ മാതൃകയിലാണ് പുതിയ ആപ്പും ഒരുക്കുന്നത്. ഏതെങ്കിലും പ്രദേശത്ത് കാട്ടുപന്നി ശല്യമുണ്ടായാൽ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സമീപ പ്രദേശങ്ങളിലെ ഷൂട്ടർമാർക്ക് ഉടൻ അലർട്ട് സന്ദേശം ലഭിക്കും. വാർഡ് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറിമാർ, ജാഗ്രതാ സമിതി കോ-ഓർഡിനേറ്റർമാർ എന്നിവരുടെ ഫോൺ നമ്പറുകളും ആപ്പിൽ ഉൾപ്പെടുത്തും.
തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല നിയന്ത്രണ സമിതി യോഗത്തിലാണ് പദ്ധതിയുടെ പുരോഗതി വിലയിരുത്തിയത്. ഷൂട്ടർമാരുടെ കുറവ് പരിഹരിക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി വിപുലമായ പാനൽ രൂപീകരിക്കാനും തീരുമാനമായി.
വന്യമൃഗങ്ങൾ താവളമാക്കുന്ന കാടുപിടിച്ച എസ്റ്റേറ്റുകളും ഉപയോഗശൂന്യമായ പുരയിടങ്ങളും കണ്ടെത്തി വൃത്തിയാക്കാനുള്ള നടപടികളും ശക്തമാക്കും. സ്വകാര്യ വ്യക്തികൾ, വ്യവസായ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ കീഴിലുള്ള ഇത്തരം സ്ഥലങ്ങൾ പ്രത്യേകം രേഖപ്പെടുത്തി നിരീക്ഷിക്കും. മലയോര മേഖലകളിലെ തോട്ടങ്ങളിലെ അടിക്കാടുകൾ വെട്ടിമാറ്റുന്നതിനും കർശന നടപടി സ്വീകരിക്കും.
കാട്ടുപന്നികൾക്ക് പുറമെ കുരങ്ങ്, മയിൽ തുടങ്ങിയ വന്യജീവികളുടെ ശല്യം നിയന്ത്രിക്കാൻ പഞ്ചായത്ത് തലത്തിൽ പ്രത്യേക റെസ്പോൺസ് ടീമുകൾ രൂപീകരിച്ച് പരിശീലനം നൽകാനും തീരുമാനിച്ചു. ഇവയുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ഫോറസ്റ്റ് ലെയ്‌സൺ ഓഫീസർമാരെയും നിയമിക്കും.
