കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നടപടികൾ ശക്തമാക്കി. ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിലുള്ള രോഗിയെ ബുധനാഴ്ച രാത്രി സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക നിപ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്.
മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് സാംപിളുകൾ അന്തിമ പരിശോധനയ്ക്കായി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിരിക്കുകയാണ്.
രോഗിയെ പ്രവേശിപ്പിച്ച പ്രത്യേക വാർഡിന് ചുറ്റും കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആശുപത്രിയിലെ ചില ഭാഗങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. വാർഡിന് സമീപമുള്ള വാഹന പാർക്കിങ്ങിനും നിയന്ത്രണം ഏർപ്പെടുത്തി. രോഗികളും സന്ദർശകരും ആശുപത്രിയുടെ പ്രധാന പ്രവേശന കവാടം മാത്രം ഉപയോഗിക്കണമെന്നാണ് നിർദേശം.
രോഗി കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സ്വകാര്യ ആശുപത്രികളും ചികിത്സാ കേന്ദ്രങ്ങളും സന്ദർശിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ രോഗിയുമായി സമ്പർക്കത്തിലായവരുടെ എണ്ണം കൂടുതലാകാമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. വിശദമായ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനും പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിനും നടപടികൾ ആരംഭിച്ചിട്ടുണ്ട്.
രോഗിയുമായി അടുത്ത ബന്ധം പുലർത്തിയ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ആരോഗ്യപ്രവർത്തകർ എന്നിവരോട് ക്വാറന്റീനിൽ പ്രവേശിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രാദേശിക ഭരണകൂടവും ആരോഗ്യവകുപ്പും പ്രത്യേക യോഗങ്ങൾ ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്.
അതേസമയം, രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. രോഗി അടുത്തിടെ ഉപയോഗിച്ചിരുന്ന ഒരു ഗോഡൗണിൽ വവ്വാലുകളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്.
പനി, കടുത്ത തലവേദന, ശ്വാസതടസ്സം, ബോധക്ഷയം, മസ്തിഷ്കജ്വര ലക്ഷണങ്ങൾ തുടങ്ങിയവ അനുഭവപ്പെടുന്നവർ ചികിത്സ തേടുകയും ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചു. നിലവിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത തുടരണമെന്നും അധികൃതർ വ്യക്തമാക്കി.
