കൊവിഡും ലോക്ക് ഡൗണും എല്ലാം ഒരുപാട് പേരുടെ ജീവനോപാധികളെ ഇല്ലായ്മ ചെയ്തിട്ടുണ്ട്. പല സംരഭങ്ങളും ഇക്കാലത്ത് അകാലചരമം പ്രാപിക്കുകയോ, അകാലചരമം പ്രാപിച്ചുകൊണ്ടിരിക്കുകയോ ആണ്. ഇപ്പോള്‍ രണ്ടാം തരംഗത്തില്‍ കാര്യങ്ങള്‍ അതീവ രൂക്ഷമാണ്.
എന്നാല്‍ ഇതിനിടയില്‍ വലിയൊരു വിജയകഥ പറയാനുണ്ട് മലയാളികള്‍ തുടങ്ങിയ സ്റ്റാര്‍ട്ട് അപ്പിന്. ഒറ്റവര്‍ഷം കൊണ്ട് അവര്‍ ഉണ്ടാക്കിയ നേട്ടം അത്രയും വലുതാണെന്ന് തന്നെ പറയേണ്ടിവരും. ഡയഗണ്‍കാര്‍ട്ട് എന്ന ഇ-കൊമേഴ്‌സ് സ്റ്റാര്‍ട്ട് അപ്പിനെ കുറിച്ച് അറിയാം…
ഒന്നാം ലോക്ക് ഡൗണില്‍ തുടക്കം
കൊവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് രാജ്യവ്യാപകമായ ലോക്ക് ഡൗണ്‍ നിലവില്‍ വന്നത് 2020 മാര്‍ച്ച് അവസാനത്തോടെ ആയിരുന്നു. തൊട്ടടടുത്ത മാസം ആണ് കൊച്ചിക്കാരായ മൂന്ന് പേര്‍ ചേര്‍ന്ന് ഒരു സംരംഭം തുടങ്ങുന്നത്. അന്ന് വെറും ഒരു ലക്ഷം രൂപയായിരുന്നു മുതല്‍മുടക്ക്.
ഡയഗണ്‍ കാര്‍ട്ട്
കൊവിഡ് പ്രതിരോധത്തിനായി ഉള്ള ഉത്പന്നങ്ങളുടെ വില്‍പന ആയിരുന്നു ഡയഗണ്‍കാര്‍ട്ട് എന്ന ഇ കൊമേഴ്‌സ് സംരംഭത്തിലൂടെ അവര്‍ ലക്ഷ്യമിട്ടത്. വിപണിയില്‍ ഇത്തരം ഉത്പന്നങ്ങള്‍ക്ക് തീപിടിച്ച വിലയുള്ള കാലത്ത്, കുറഞ്ഞ വിലയ്ക്ക് ആളുകളില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. അത് വന്‍ വിജയത്തിലെത്തുകയും ചെയ്തു.
പത്ത് കോടി വിറ്റുവരവ്
തുടങ്ങിയ വര്‍ഷത്തില്‍ തന്നെ പത്ത് കോടി രൂപയുടെ വിറ്റുവരവാണ് ഡയഗണ്‍കാര്‍ട്ട് സ്വന്തമാക്കിയത്. നേരത്തേ പറഞ്ഞതുപോലെ, ഒരു ലക്ഷം രൂപ മുതല്‍മുടക്കുള്ള ഒരു സംരംഭമാണ് ഇത് എന്നത് കൂടി ശ്രദ്ധേയമാണ്. ജിജി ഫിലിപ്പ്, അഭിലാഷ് വിജയന്‍, ഹബീബ് റഹ്മാന്‍ എന്നീ സുഹൃത്തുക്കളാണ് ഡയഗണ്‍കാര്‍ട്ടിന്റെ സ്ഥാപകര്‍.
120 കോടിയിലേക്ക്
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വലിയ ലക്ഷ്യമാണ് ഡയഗണ്‍കാര്‍ട്ടിനുള്ളത്. 100 മുതല്‍ 120 കോടി വരെ വില്‍പന എന്ന ലക്ഷ്യത്തിലേക്കാണ് മുന്നേറ്റം. നിലവില്‍ ആയിരത്തില്‍ അധികം ഉത്പന്നങ്ങള്‍ ഡഗയണ്‍കാര്‍ട്ട് വഴി വില്‍പന നടത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.
ഇടനിലക്കാരില്ല
എങ്ങനെയാണ് ഇത്രയും വില കുറച്ച് ഇവര്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത് എന്നല്ലേ. ഇടനിലക്കാരില്ലാതെ നേരിട്ട് ഉത്പാദകരില്‍ നിന്ന് സംഭരിക്കുന്നു എന്നത് തന്നെയാണ് അവരെ ഇതിന് പ്രാപ്തമാക്കുന്നത്. ഇന്ന് കൊവിഡ് പ്രതിരോധത്തിനുള്ള ഉത്പന്നങ്ങള്‍ മാത്രമല്ല, കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ഗൃഹോപകരണങ്ങളും തുടങ്ങി ഒട്ടനവധി സേവനങ്ങള്‍ ഇവര്‍ നല്‍കുന്നുണ്ട്.
എല്ലാ പിന്‍കോഡിലും
രാജ്യത്തെ എല്ലാ പിന്‍കോഡുകളിലും സാധനങ്ങള്‍ എത്തിക്കുന്നു എന്നൊരു പ്രത്യേകതയും ഡയഗണ്‍കാര്‍ട്ടിനുണ്ട്. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സ്പീഡ് പോസ്റ്റ് വഴിയാണ് മിക്കയിടത്തും ഡെലിവെറി എത്തിക്കുന്നത്. ചിലപ്പോള്‍ കൊറിയര്‍ സേവനങ്ങളും ഉപയോഗിക്കുന്നുണ്ട്. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
വലിയ മാതൃക
കൊവിഡ് കാലം പല ബിസിനസ് മോഡലുകളും പരാജയപ്പെട്ട കാലം ആയിരുന്നു. എന്നാല്‍, ആ കാലഘട്ടത്തിന്റെ സാധ്യത തിരിച്ചറിഞ്ഞ് അത് കൃത്യമായി ഉപയോഗപ്പെടുത്തുകയായിരുന്നു ഡയഗണ്‍കാര്‍ട്ട്. സംരംഭകത്വത്തിന് ഐഡിയ മാത്രം പോര, അത് ഏത് സമയത്ത് ഏത് രീതിയില്‍ പ്രവര്‍ത്തനക്ഷമമാക്കുന്നു എന്നതാണ് പ്രധാനം എന്ന് തെളിയിക്കുന്നതാണ് ഇവരുടെ വിജയം.