തത്തുല്യ ചുങ്കത്തിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗോള വ്യാപാര യുദ്ധത്തിന് തിരികൊളുത്തിയാതായി അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധർ. ചൈനക്കെതിരെ തുടങ്ങിയ താരിഫ് യുദ്ധം നിലവിൽ അമേരിക്കയുടെ സൗഹൃദ രാഷ്ട്രങ്ങളുമായുള്ള നയതന്ത്ര ബന്ധത്തെ വരെ ബാധിക്കും വിധം വളർന്നുവെന്നാണ് നിലവിലെ വിലയിരുത്തൽ.
എന്നാൽ നയതന്ത്രത്തിലൂടെ കൂട്ടിയ നികുതി പിൻവലിക്കാൻ താല്പര്യം ഇല്ല എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. ഇത് കൂടുതൽ രാജ്യങ്ങൾ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ നികുതി ചുമത്താൻ ഇടയാക്കും.
“ഇത് യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും ഒരു ഗെയിം ചേഞ്ചറാണ്. ഈ താരിഫ് നിരക്ക് ദീർഘകാലത്തേക്ക് തുടർന്നാൽ പല രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ട് – ഫിച്ച് റേറ്റിംഗിലെ യുഎസ് സാമ്പത്തിക ഗവേഷണ വിഭാഗം മേധാവി ഒലു സൊനോള ബുധനാഴ്ച വൈകുന്നേരം ഒരു കുറിപ്പിൽ പറഞ്ഞു.
പുതിയ താരിഫുകൾ “ഉടനടി റദ്ദാക്കണമെന്ന്” ചൈനയുടെ വാണിജ്യ മന്ത്രാലയം അമേരിക്കയോട് ആവശ്യപ്പെട്ടതിന് പിന്നാലെ ചർച്ചകൾ പരാജയപ്പെട്ടാൽ കടുത്ത നടപടിയുമായി മുന്നോട്ട് പോകാനാണ് EU തീരുമാനം എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ട്രംപിന്റെ താരിഫുകൾ പ്രതീക്ഷിച്ചതിലും വലുതാണെന്നും, അമേരിക്കയുടെ ശരാശരി താരിഫ് നിരക്ക് നിലവിൽ 25% ൽ താഴെയാണെന്നും, ഇത് തുടരുകയാണെങ്കിൽ, യുഎസ് പണപ്പെരുപ്പം 4% കവിയാൻ സാധ്യത ഉണ്ടെന്നും ക്യാപിറ്റൽ ഇക്കണോമിക്സിലെ ഗ്രൂപ്പ് ചീഫ് ഇക്കണോമിസ്റ്റായ നീൽ ഷിയറിങ് പറഞ്ഞു.
എന്നാൽ അധികനികുതിയുടെ ഭാരം സാധാരണ ജനങ്ങൾ ആകും അനുഭവിക്കുക എന്ന് സാമ്പത്തിക വിദഗ്ധരും ബിസിനസ്സ് നേതാക്കളും ഒരേ സ്വരത്തിൽ പറയുന്നു.