ലോകത്തെ ഏറ്റവും വലിയ സമ്പന്നനും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത സുഹൃത്തുമായ ഇലോൺ മാസ്കിനെതിരെ അമേരിക്കയിൽ ബഹിഷ്കരണം ശക്തമായതിന് പിന്നാലെ ടെസ്‍ല കാറുകളുടെ വിൽപ്പന കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. 2022 ന് ശേഷമുള്ള ഏറ്റവും വലിയ നഷ്ടമാണ് ഇപ്പോൾ ടെസ്‌ലയ്ക്ക് സംഭവിച്ചിരിക്കുന്നത്. ഈ വർഷം ജനുവരി-മാർച്ച് ആദ്യപാദത്തിൽ ടെസ്‌ലയുടെ വാഹന ഉൽപാദനത്തിലും വിൽപനയിലും 13 ശതമാനം നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ സമാനപാദത്തിലെ 3.86 ലക്ഷത്തിൽ നിന്ന് വിൽപന 3.36 ലക്ഷത്തിലേക്ക് ഇടിഞ്ഞു. വാഹന ഉൽപാദനം 4.33 ലക്ഷത്തിൽ നിന്ന് 3.62 ലക്ഷമായി കുറഞ്ഞുവെന്നാണ് റിപ്പോർട്ട്.
യുഎസ് ഗവൺമെന്റിലെ മസ്കിൻ്റെ ഇടപെടലുകളും, ചെലവുചുരുക്കലിന്റെ ഭാഗമായി ഒട്ടേറെ ഗവൺമെന്റ് ജീവനക്കാരെ പിരിച്ചുവിട്ട മസ്കിന്റെ നടപടികളുമാണ് പ്രതിഷേധത്തിന്റെ കാരണം. ഇതിന്റെ ഭാഗമായി അമേരിക്കയിലുടനീളം ടെസ്‍ല ബഹിഷ്കരണത്തിനു പുറമെ ടെസ്‍ല കാറുകൾക്ക് തീയിടുന്ന സംഭവങ്ങളുമുണ്ടായി.
അമേരിക്കക്ക് പുറമെ ചൈനയിലും ടെസ്‍ലയുടെ വിൽപ്പനയിൽ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി ഉൾപ്പെടെ കാഴ്ചവയ്ക്കുന്ന കടുത്ത മത്സരമാണ് ടെസ്‍ലക്ക് ഭീഷണിയായത്. 11.5% ആണ് ചൈനയിൽ മാത്രം ഉണ്ടായ ഇടിവ്. ചൈനക്ക് പുറമെ ജർമ്മനിയിൽ വിപണിവിഹിതം 16 ശതമാനത്തിൽ നിന്ന് 4 ശതമാനത്തിലേക്ക് ഇടിഞ്ഞു. കൂടാതെ 15 യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളിലെ സംയോജിത വിപണിവിഹിതം 17.9 ശതമാനത്തിൽ നിന്ന് കൂപ്പുകുത്തിയത് 9.3 ശതമാനത്തിലേക്കാണ്.