ഫോബ്സിന്റെ ലോക ശതകോടീശ്വര ടോപ് 10 പട്ടികയിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പുറത്തായി. ഇക്കഴിഞ്ഞ മാർച്ച് 7ലെ ഓഹരിവിലകളും കറൻസി വിനിമയനിരക്കും വിലയിരുത്തി ഫോബ്സ് മാഗസിൻ തയാറാക്കിയ 2025ലെ ശതകോടീശ്വര പട്ടികയിൽ 9,250 കോടി ഡോളർ ആസ്തിയുമായി മുകേഷ് അംബാനി 18-ാം സ്ഥാനത്തും, 5,630 കോടി ഡോളർ ആസ്തിയുമായി ഗൗതം അദാനി 28-ാം സ്ഥാനത്തുമാണ്.
ഇത്തവണയും മലയാളികളിൽ ഏറ്റവും സമ്പന്നൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തന്നെയാണ്. 550 കോടി ഡോളറാണ് 639-ാം റാങ്കിലുള്ള അദ്ദേഹത്തിന്റെ ആസ്തി. ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി (390 കോടി ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഗോപാലകൃഷ്ണൻ (380 കോടി ഡോളർ), ആർപി ഗ്രൂപ്പ് മേധാവി രവി പിള്ള (370 കോടി ഡോളർ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് (330 കോടി ഡോളർ) എന്നിവരുമാണ് ടോപ് 5 മലയാളികൾ.
ഇലോൺ മസ്ക് തന്നെയാണ് ലോക സമ്പന്നരിൽ ഒന്നാമൻ; ആസ്തി 34,200 കോടി ഡോളർ. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി മെറ്റ മേധാവി മാർക്ക് സക്കർബർഗ് രണ്ടാമതെത്തി.