യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നികുതി യുദ്ധത്തിൽ കത്തിക്കയറി സ്വർണ്ണ വില. സ്വർണ്ണം ഗ്രാം വില 50 രൂപ വര്‍ധിച്ച് 8,560 രൂപയിലെത്തി. പവന്‍ വില 400 രൂപ വര്‍ധിച്ച് 68,480 രൂപയുമായി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും വലിയ സ്വര്‍ണ വിലയാണിത്. ഏപ്രില്‍ ഒന്നിന് രേഖപ്പെടുത്തിയ പവന് 68,080 രൂപയായിരുന്നു ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ്.
ഇക്കൊല്ലം മാത്രം സ്വര്‍ണ വിലയില്‍ 500 ഡോളറിന്റെ വര്‍ധനവാണു ഉണ്ടായിരിക്കുന്നത്. ഡോളര്‍ ഇന്‍ഡെക്‌സും 10 വര്‍ഷ യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടവും അഞ്ച് മാസത്തെ താഴ്ന്ന നിലയിലെത്തിയതും സ്വര്‍ണ വിലയെ സ്വാധീനിച്ചിട്ടുണ്ട്. ട്രംപിന്റെ തത്തുല്യ ചുങ്കം കൂടുതല്‍ വ്യാപാര തര്‍ക്കങ്ങളിലേക്ക് നയിക്കുമെന്ന ആശങ്ക ശക്തമായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് മാറുന്നതും വല വർധിപ്പിക്കാൻ ഇടയായി.
സ്വര്‍ണം വാങ്ങാന്‍
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 68,480 രൂപയാണ് വിലയെങ്കിലും മനസിനിണങ്ങിയ ഇഷ്ട മോഡലുകള്‍ സ്വന്തമാക്കാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 74,114 രൂപയെങ്കിലും നല്‍കണം. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും മാറ്റമുണ്ടാകും.