ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ കഴിഞ്ഞ മാസത്തെ ജിഎസ്ടി കളക്ഷൻ രണ്ടാമത്തെ വലിയ റെക്കോർഡാണ് നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ 1.78 ലക്ഷം കോടി രൂപയായിരുന്നു ജി എസ് ടി കളക്ഷൻ. അതിൽ നിന്ന് ഈ മാർച്ചിൽ 9.9% വളർച്ചയോടെ 1.96 ലക്ഷം കോടി രൂപയാണ് പിരിച്ചെടുത്തതെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ് വ്യക്തമാക്കി. 2024 ഏപ്രിലിൽ നേടിയ 2.10 ലക്ഷം കോടി രൂപയാണ് എക്കാലത്തെയും വലിയ റെക്കോർഡ്.
തുടർച്ചയായ 13 മാസവും ജിഎസ്ടി സമാഹരണം 1.7 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ സംയോജിത ജിഎസ്ടി വരുമാനം 5.8 ലക്ഷം കോടി രൂപയാണ്. അതായത്, മുൻവർഷത്തെ സമാനപാദത്തേക്കാൾ 10.4 ശതമാനം അധികം.
കഴിഞ്ഞ മാസത്തെ മൊത്തം ജിഎസ്ടി പിരിവിൽ കേന്ദ്ര ജിഎസ്ടി (CGST) 38,145 കോടി രൂപയാണ്. സംസ്ഥാന ജിഎസ്ടിയായി (SGST) 49,891 കോടി രൂപയും സംയോജിത ജിഎസ്ടിയായി (IGST) 95,853 കോടി രൂപയും പിരിച്ചെടുത്തു. സെസ് ഇനത്തിൽ ലഭിച്ചത് 12,253 കോടിയാണ്
കേരളത്തിൽ നിന്ന് ഫെബ്രുവരിയിൽ 8% വളർച്ചയോടെ 2,894 കോടി രൂപ പിരിച്ചു. കഴിഞ്ഞമാസം നേടിയത് 9% വളർച്ചയോടെ 2,829 കോടി രൂപയാണ്. 2024 മാർച്ചിൽ 2,598 കോടി രൂപയായിരുന്നു. കേരളത്തിന് 2024-25 വർഷം സംസ്ഥാന ജിഎസ്ടിയും ഐജിഎസ്ടിയിൽ സംസ്ഥാനത്തിനുള്ള വിഹിതവും ചേർത്തുള്ള ആകെ വരുമാനം 32,773 കോടി രൂപയാണ്. മുൻവർഷത്തെ 30,873 കോടി രൂപയേക്കാൾ 6% അധികം. 2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിൽ നിന്ന് ആകെ പിരിച്ചെടുത്ത ജിഎസ്ടി 33,109 കോടി രൂപയാണ്. അതായത്, മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 7.9% അധികം.