കൊച്ചിയിലെ അമ്പലമേടിൽ 1200 ടണ്‍ പ്രതിദിനം ശേഷിയുള്ള സള്‍ഫ്യൂറിക് ആസിഡ് പ്ലാൻ്റ് സ്ഥാപിക്കാൻ പദ്ധതിയുമായി ഖത്തര്‍ ആസ്ഥാനമായ BIEWU ഇൻ്റർനാഷ്ണൽ കമ്പനി. ഇതിനുള്ള ധാരണ പത്രം കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരളയില്‍ കമ്പനി സി ഇ ഒ റിയാസ് ആദവ്, ടെക്‌നിക്കല്‍ ഡയറക്ടര്‍ സലിം മുല്ലപ്പിള്ളി എന്നിവർ വ്യവസായ മന്ത്രി പി രാജീവിന് കൈമാറി. ഈ പദ്ധതിക്ക് സമയബന്ധിതമായി അനുമതി ലഭ്യമാക്കാനും വിജയകരമായി നടപ്പിലാക്കാനും കേരള സര്‍ക്കാരും അനുബന്ധ വകുപ്പുകളും സഹകരിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു.
ഈ പദ്ധതിക്കായുള്ള ആകെ നിക്ഷേപം 800 കോടിയോളം വരും. ഈ പദ്ധതിയിലൂടെ കേരളത്തിന്റെ ദീര്‍ഘകാല വ്യവസായ ലക്ഷ്യങ്ങള്‍ കൈവരിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നിലവിൽ ഇന്ത്യയില്‍ സള്‍ഫ്യൂറിക് ആസിഡ് ഇറക്കുമതി ചെയ്യേണ്ട സാഹചര്യമുണ്ട്. അതിനാൽ ഈ പ്ലാൻ്റിന് രാജ്യത്തിനകത്ത് ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും 600 ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയും.
രാസവസ്തുക്കളും എണ്ണ-വാതക മേഖലയിലും പ്രവര്‍ത്തിച്ചുവരുന്ന അന്താരാഷ്ട്ര സ്ഥാപനമാണിത്. നിരവധി രാജ്യങ്ങളിലേക്ക് കമ്പനി അവരുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. അതിൻ്റെ ഭാഗമായാണ് കേരളത്തിൽ ഈ പ്ലാൻ്റ് നിർമ്മിക്കാൻ സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചത്. പരിസ്ഥിതി അനുകൂലമായ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗമാണ് ഈ കമ്പനിയുടെ പ്രത്യേകത.