ട്രൂകോളർ പോലുള്ള ഒരു മൂന്നാം കക്ഷി ആപ്പ് ഡൗൺലോഡ് ചെയ്യാതെ തന്നെ അജ്ഞാത കോളുകളുടെ ശല്യം ഇനി ഒഴുവാക്കാൻ സാധിക്കും. ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്റർമാരായ വോഡഫോൺ ഐഡിയ ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ്, റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് എന്നിവ എച്ച്പി, ഡെൽ, എറിക്‌സൺ, നോക്കിയ തുടങ്ങിയ ആഗോള കമ്പനികളുമായി സഹകരിച്ച് കോളിംഗ് നെയിം പ്രസന്റേഷൻ (CNAP) നടപ്പാക്കാൻ ഒരുങ്ങുന്നു.
റിപ്പോർട്ടുകൾ പ്രകാരം, ഈ ടെലികോം കമ്പനികൾ കോളിംഗ് നെയിം പ്രസന്റേഷൻ (CNAP) നടപ്പിലാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ ഓർഡർ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുത്ത സർക്കിളുകളിൽ കോളിംഗ് നെയിം പ്രസന്റേഷൻ (CNAP) ആകും ആദ്യം ലഭ്യമാകുക. സാങ്കേതികവിദ്യ സ്ഥിരത കൈവരിക്കുമ്പോൾ ഘട്ടം ഘട്ടമായി സേവനം മറ്റു സർക്കിളുകളിലും അവതരിപ്പിക്കും.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) 2024 ഫെബ്രുവരിയില്‍ എല്ലാ സ്മാര്‍ട്ട് ഫോണുകളിലും CNAP നടപ്പിലാക്കാന്‍ ശുപാര്‍ശ ചെയ്യുകയും ടെലകോം ഓപ്പറേറ്റര്‍മാരെ ഈ സേവനം നടപ്പാക്കാൻ നിര്ബന്ധിപ്പിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. അജ്ഞാതരായവരും സ്പാം കോളര്‍മാരുടെയും ഇടയില്‍നിന്നുള്ള ഉപഭോക്തൃ ശല്യം കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 2025 ജനുവരിയില്‍ ടെലി കമ്യൂണിക്കേഷന്‍ വകുപ്പ് ടെലികോം ഓപ്പറേറ്റര്‍മാരോട് മൊബൈല്‍ ഫോണുകളില്‍ ഈ സേവനം നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചു. ഇന്‍കമിംഗ് കോളുകള്‍ക്ക് പേര് പ്രദര്‍ശിപ്പിക്കല്‍ നിര്‍ബന്ധമാക്കുക എന്നതാണ് പദ്ധതി.
മൊബൈല്‍ ഫോണില്‍ സിഎന്‍എപി നടപ്പിലാക്കുമ്പോള്‍, ടെലികോം കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപയോക്താവിന്റെ പേര് മൊബൈല്‍ സ്‌ക്രീനില്‍ ദൃശ്യമാകും. തുടക്കത്തില്‍ ഒരേ കമ്പനിയിലുള്ള ഉപയോക്താക്കളുടെ പേരുകള്‍ മാത്രമേ സ്‌ക്രീനില്‍ ദൃശ്യമാകൂ. ഉദാഹരണത്തിന്, ഒരു ജിയോ ഉപയോക്താവിന് മറ്റൊരു ജിയോ ഉപയോക്താവില്‍ നിന്ന് കോള്‍ ലഭിക്കുകയാണെങ്കില്‍, അയാളുടെ പേര് ദൃശ്യമാകും. ഏതെങ്കിലും എയര്‍ടെല്‍ ഉപയോക്താവ് ഇയാളെ വിളിച്ചാല്‍, അയാളുടെ പേര് സ്‌ക്രീനില്‍ ദൃശ്യമാകില്ല. ടെലികോം കമ്പനികള്‍ക്കിടയില്‍ ഉപഭോക്തൃ ഡാറ്റ പങ്കിടാന്‍ സര്‍ക്കാര്‍ ഇതുവരെ അനുവദിച്ചിട്ടില്ല എന്നതാണ് ഇതിന് കാരണം. പക്ഷേ സാങ്കേതിക പരിമിതികള്‍ മൂലം ഫീച്ചര്‍ ഫോണ്‍, 2G ഉപയോക്താക്കള്‍ക്ക് ഈ സേവനം സാധ്യമാകില്ല.