സാമ്പത്തിക ഞെരുക്കത്തിലും നല്ല രീതിയില്‍ പദ്ധതികള്‍ നടപ്പിലാക്കാനായെന്നും, കേരളം രണ്ടു ട്രില്യൺ ബജറ്റിലേക്ക് എത്തുന്നതു തെളിയിക്കുന്നതാണ് നടപ്പുസാമ്പത്തിക വർഷത്തെ കണക്കുകളെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ. ട്രഷറി കണക്കുകൾ വിശദീകരിച്ച് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2024-25 സാമ്പത്തിക വർഷത്തെ മൊത്തം സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ട്രഷറിയിലെ കണക്കുകൾ പ്രകാരം മാർച്ച് 29 ന് സംസ്ഥാന പദ്ധതി ചെലവിലെ നേട്ടം 85.66 ശതമാനമായി. അതായത്, 18,705.68 കോടി രൂപ. തദ്ദേശ സ്ഥാപന ഇനത്തിലെ പദ്ധതി ചെലവ് 9333.03 കോടി രൂപയായി വർധിച്ചു. അതായത്, 110 ശതമാനം കടന്നു.
വർഷാവസാന കണക്കുകൾ സംസ്ഥാനത്തെ പദ്ധതി ചെലവിൽ ഒരു വെട്ടികുറയ്ക്കലും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നു. അതുപോലെ ഏറ്റവും മികച്ച തദ്ദേശ സ്വയംഭരണ പദ്ധതി ചെലവാണ് ഇത്തവണ നടപ്പിലായത്. പദ്ധതികൾ ചുരുക്കുന്നു എന്ന ആക്ഷേപത്തിനുള്ള മറുപടിയാണ് ഈ പ്രവർത്തനമെന്ന് മന്ത്രി പറഞ്ഞു.
പ്രധാന ചെലവഴിക്കൽ ( ബ്രായ്ക്കറ്റിൽ ബജറ്റിനേക്കാൾ അധികം അനുവദിച്ച തുക)
* ക്ഷേമ പെൻഷൻ- 13,082 കോടി രൂപ ( 2053 കോടി )
* കാസ്പിന് 979 കോടി (300 കോടി )
* അവശ്യമരുന്നുകൾ വാങ്ങാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷന് 607 കോടി (251 കോടി )
* റേഷൻ സബ്സിഡി- 1012 കോടി രൂപ (74 കോടി )
* കെഎസ്ആർടിസി- 1612 കോടി (676 കോടി)
* ജലജീവൻ മിഷൻ- 952 കോടി ( 401 കോടി )
* ലൈഫ് മിഷൻ- 749 കോടി.
* പിഎംഎവൈ അർബൻ പദ്ധതി: 61 കോടിയും നൽകി
* സ്കൂൾ ഉച്ചഭക്ഷണ പദ്ധതി- 759 കോടി നൽകി
* നെല്ലുസംഭരണം- 558 കോടി.
* വിപണി ഇടപെടൽ-489 കോടി നൽകി (284 കോടി )
* പട്ടികവിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കുമുള്ള സ്കോളർഷിപ്പ്- 1429 കോടി.
* ആശ വർക്കേഴ്സിന് സംസ്ഥാന സഹായം- 211 കോടി നൽകി (23 കോടി )
* ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർക്ക് പ്രതിഫലം- 240 കോടി
* എൻഎച്ച്എമ്മിനു സംസ്ഥാന വിഹിതം- 425 കോടി
* അയ്യൻകാളി തൊഴിലുറപ്പിൽ വേതനം- 160 കോടി
* സ്കൂൾ പാചകത്തൊഴിലാളി വേതനം- 379 കോടി നൽകി
* സ്കൂൾ യൂണിഫോം പദ്ധതി- 144 കോടി നൽകി
* കെഎസ്ഇബി- 495 കോടി
* കൊച്ചി മെട്രോ- 439 കോടി