രാജ്യത്തെ രണ്ടാമത്തെ വലിയ ക്ഷീരോൽപ്പാദക സംസ്ഥാനമാണ് കർണാടകം. ഏപ്രിൽ 1 മുതൽ കർണാടകയിൽ പാലിന് വില കൂടും. കർണാടകത്തിലെ ക്ഷീരകർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കർണാടക മിൽക് ഫെഡറേഷൻ ഉൽപ്പാദിപ്പിക്കുന്ന നന്ദിനി പാലിൻ്റെയും തൈരിൻ്റെയും വിൽപ്പന വില ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. പാൽ ഉൽപാദനത്തിൻ്റെയും സംസ്കരണത്തിൻ്റെയും ചെലവ് കണക്കിലെടുത്താണ് വില വർധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റർ പാക്കറ്റ് പാലിന് 48 രൂപയാകും.
കർണാടകത്തിൽ പാൽ വില കൂട്ടുന്നതിൽ മലയാളികൾ ആശങ്കപ്പെടണോ?
പ്രതിദിനം ഒന്നരലക്ഷം ലിറ്റർ പാലാണ് മിൽമ കർണാടകത്തിൽ നിന്നും കേരളത്തിൽ എത്തിക്കുന്നത്. അതിന് അധിക ചെലവ് വരും. ഏകദേശം 1.7 കോടിയോളമാണ് നഷ്ടം ഉണ്ടാകുന്നത്. എങ്കിലും ലാഭത്തിൽ കുറവു വരുന്നതല്ലാതെ ഇപ്പോൾ പ്രതിസന്ധിയിലാകുന്ന സാഹചര്യമില്ലെന്നും കേരളത്തിൽ മിൽമയുടെ വില കൂട്ടുന്നത് ആലോചനയിലില്ലെന്നും മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു. കർണാടക പാൽ വില കൂട്ടുന്നത് മിൽമ ഗുണകരമായ രീതിയിൽ എടുത്ത് കേരളത്തിൽ മിൽമ പാലിൻ്റെയും ഉത്പന്നങ്ങളുടെയും ഉത്പാദനവും വില്പനയും വർധിപ്പിച്ച് ലാഭം കൂട്ടുകയെന്നതാണ് ഇപ്പോഴത്തെ ചർച്ചയെന്നും ചെയർമാൻ വ്യക്തമാക്കി. നിലവിൽ മലയാളികൾ ആശങ്കപ്പെടേണ്ടതില്ല.