കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ പാർക്കിങ്ങിന് ഇനി ചെലവു കൂടും. പാർക്കിങ്ങ് നിരക്കുകൾ 20 മുതൽ 30 ശതമാനം വരെയാണ് റെയിൽവേ വർധിപ്പിച്ചത്. തിരുവനന്തപുരം കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ വർധന നടപ്പാക്കി കഴിഞ്ഞു.
പുതിയ നിരക്കനുസരിച്ച് അടിസ്ഥാനനിരക്ക് ഇരുചക്രവാഹനങ്ങൾക്ക് 2 മണിക്കൂർ വരെ 10 രൂപയും 2 മുതൽ 8 മണിക്കൂർ വരെ 20 രൂപയും 8 മുതൽ 24 മണിക്കൂർ വരെ 30 രൂപയുമാണ്. ഓട്ടോ, കാർ എന്നിവയ്ക്ക് ഇത് യഥാക്രമം 30, 50, 80 എന്നിങ്ങനെയാണ്. മാസാടിസ്ഥാനത്തിലാണെങ്കിൽ ഇരുചക്രവാഹനങ്ങൾക്ക് 600 രൂപയാകും. ഹെൽമെറ്റ് പ്രത്യേകം സൂക്ഷിക്കണമെങ്കിൽ 10 രൂപ ഈടാക്കാനും തീരുമാനമുണ്ട്. ഉടൻതന്നെ മറ്റ് സ്റ്റേഷനുകളിൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
കാറ്റഗറി ഒന്ന്, കാറ്റഗറി രണ്ട് എന്നിങ്ങനെ തിരിച്ചാണ് നിരക്ക് നിശ്ചയിച്ചത്. കൂടുതൽ ട്രെയിനുകൾ നിർത്തുകയും കൂടുതൽ യാത്രക്കാർ ഉപയോഗിക്കുകയും ചെയ്യുന്ന സ്‌റ്റേഷനുകളെയാണ് കാറ്റഗറി ഒന്നിൽപ്പെടുത്തിയത്. രണ്ടുവർഷംമുമ്പ് നടത്തിയ സർവേ അടിസ്ഥാനത്തിലാണ് സ്‌റ്റേഷനുകളുടെ പട്ടിക തയ്യാറാക്കിയത്. രണ്ടു കാറ്റഗറിയിലും കാറുകൾക്ക് ഒരുമാസം പാർക്കിങ് അനുവദിക്കില്ല. കാറ്റഗറി ഒന്നിൽ ഇരുചക്രവാഹനങ്ങൾക്ക് 360 രൂപയിൽനിന്ന് 600 രൂപയാക്കി. വലിയ സ്‌റ്റേഷനുകളിലാണ് പ്രീമിയം പാർക്കിങ്ങുള്ളത്. തിരുവനന്തപുരം ഡിവിഷനു കീഴിൽ തിരുവനന്തപുരം, എറണാകുളം ജങ്‌ഷൻ, തൃശൂർ, ആലപ്പുഴ, ആലുവ, ചെങ്ങന്നൂർ, എറണാകുളം നോർത്ത്, കൊച്ചുവേളി, കോട്ടയം, കായംകുളം, നാഗർകോവിൽ ജങ്‌ഷൻ, കൊല്ലം, തിരുവല്ല, ചങ്ങനാശേരി, വർക്കല, അങ്കമാലി, നാഗർകോവിൽ, ചേർത്തല, കഴക്കൂട്ടം, ഗുരുവായൂർ, കന്യാകുമാരി സ്‌റ്റേഷനുകളാണ് കാറ്റഗറി ഒന്നിൽ വരുന്നത്.
2017-ലാണ് അവസാനമായി റെയിൽവേ പാർക്കിങ് നിരക്കുകൾ പരിഷ്കരിച്ചത്. നിലവിൽ അമൃത് ഭാരത് പദ്ധതിക്കു കീഴിൽ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 34 സ്റ്റേഷനുകൾ 300 കോടിയിലേറെ രൂപ ചെലവിട്ട് നവീകരിക്കുന്നുണ്ട്. ഇവയിൽ പലതും എൻഎസ്ജി ഗ്രേഡ്(നോൺ സബർബൻ ഗ്രേഡ്) നാല്, അഞ്ച് എന്നിവയിൽപ്പെടുന്നതാണ്. ഈ സ്റ്റേഷനുകളിലും നിരക്കുവർധനയുണ്ടാകും. അമൃത് ഭാരതിൽപ്പെടാത്ത, വരുമാനം കൂടുതലുള്ള ചില സ്റ്റേഷനുകളിൽ പാർക്കിങ്ങിനായും മറ്റും കൂടുതൽ സംവിധാനങ്ങളും റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലും ഫീസ് കൂടും.