സംരംഭകത്വത്തിൽ സ്ത്രീകളും ഇന്ന് മുന്നിലാണ്. പലതരം സംരംഭങ്ങളിലേക്ക് സ്ത്രീകൾ കടന്നു ചെന്നിട്ടുണ്ടെഘ്കിലും സ്ത്രീകൾ ഒറ്റയ്ക്കും സംഘമായും നടത്തുന്ന റസ്റ്റോറന്റുകൾ കേരളത്തിൽ അങ്ങോളം ഇങ്ങോളമുണ്ട്, നല്ല രുചിക്കാണ് വിപണി എന്നതിനാൽ എത്ര ഭക്ഷണശാലകൾ അടുത്തുണ്ട് എന്നത് ഈ ബിസിനസിൽ പ്രശ്നമാകുന്നില്ല. ഇത്തരത്തിൽ ബിസിനസ് ആരംഭിക്കാനുള്ള നടപടികളും ബിസിനസ് ആരംഭിക്കുന്നവർക്ക് ലഭിക്കുന്ന 2 ലക്ഷത്തിന്റെ സബ്സിഡിയെ പറ്റിയും വിശദമായി പരിശോധിക്കാം.
എവിടെ ആരംഭിക്കും
ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് എവിടെ ആരംഭിക്കുമെന്നതാണ്. കോളേജ്, സര്‍ക്കാര്‍ സ്ഥാപനം തുടങ്ങി തിരക്കുള്ള പ്രദേശങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. കുറഞ്ഞ ബജറ്റില്‍ സാധാരണക്കാരായ ഉപഭോക്താക്കള ലക്ഷ്യം വെയ്ക്കുന്നതാണെങ്കില്‍ ഇത്തരം പ്രദേശങ്ങള്‍ തിരഞ്ഞെടുക്കാം. പിന്നീട് കെട്ടിടമാണ്. മിനി കഫേ തുടങ്ങാന്‍ ആവശ്യമായ സൗകര്യങ്ങളുളള കെട്ടിടമാകണം തിരഞ്ഞെടുക്കേണ്ടത്. ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ആവശ്യമാണ്.
രജിസ്ട്രേഷൻ
ഏത് ബിസിനസ് ആണെങ്കിലും രജിസ്ട്രേഷനും പ്രവർത്താനുമതികളും ആവശ്യമാണ്. സ്ത്രീകളുടെ സംഘമായതിനാൽ പങ്കാളിത്ത ബിസിനസായി രജിസ്റ്റർ ചെയ്യാം. ഭക്ഷണ ബിസിനസ് ആയതിനാൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ ലൈസൻസ് നിർബന്ധമാണ്. എംഎസ്എംഇ/ എസ്എസ്ഐ രജിസ്ട്രേഷൻ നടത്തുന്നത് വഴി ആനുകൂല്യങ്ങൾ ലഭിക്കും.
ആവശ്യ സാധനങ്ങൾ
നൽകുന്ന ഭക്ഷണം പ്രദേശത്തിന്റെ ആവശ്യം അനുസരിച്ചായിരിക്കണം. ചായക്ക് മാത്രം ആൾക്കാരുള്ള കവലകളിൽ ആരംഭിക്കുന്ന മിനി കഫേയ്ക്ക് ചായ ഉണ്ടാക്കുന്ന പാത്രം, എൽപിജി സ്റ്റൗ, ഗ്യാസ് സിലണ്ടർ എന്നിവ അത്യാവശ്യമാണ്. ഉച്ചഭക്ഷണം, മറ്റു ഇനങ്ങൾ നൽകുന്നതിന് ആവശ്യമായ വലിയ പാത്രങ്ങൾ കണ്ടെത്തേണ്ടതുണ്ട്. പ്രദേശത്തിന്റെ ആവശ്യത്തിന് അനുസരിച്ച് ഊണ്, ബിരിയാണി, പൊറോട്ട, ചിക്കൻ കറി, മീൻ വിഭവങ്ങൾ തുടങ്ങിയ വിഭവങ്ങൾ ഒരുക്കാം.
ഫിനാൻസ്
തിരഞ്ഞെടുക്കുന്ന പ്രദേശം അനുസരിച്ചാണ് ചെലവ് വരുന്നത്. നഗര പ്രദേശങ്ങളിലാണെങ്കിൽ വാടകയ്ക്കായി നല്ലൊരു തുക മാസം കണ്ടെത്തേണ്ടതായി വരും. ഇതോടൊപ്പം പാത്രങ്ങൾ, തൊഴിലാളികൾ, മറ്റ് പ്രാരംഭ ചെലവുകൾ എന്നിവ വരും. ഇതിനായി 2 ലക്ഷം രൂപ സബ്സിഡി ലഭിക്കുന്ന കേരള സർക്കാർ പദ്ധതി നോക്കാം. കേരള സംസ്ഥാന സർക്കാറിന്റെ സമുന്നതി സംരഭകത്വ വികസന പദ്ധതി അനുസരിച്ചാണ് സ്ത്രീകൾക്ക് മിനി കഫേ ആരംഭിക്കാൻ സാമ്പത്തിക സഹായം നൽകുന്നത്.
അപേക്ഷ
കേരളത്തിലെ സംവരണേതര വിഭാഗക്കാരായിരിക്കണം അപേക്ഷകർ. 4-5 പേരടങ്ങുന്ന സ്ത്രീ സംഘങ്ങൾക്കാണ് വായ്പ നൽകുക. അപേക്ഷിക്കാനായി ആദ്യം www>samunnathi.com ലെ ഡാറ്റാ ബാങ്കിൽ രജിസ്റ്റർ ചെയ്യണം. ഈ രജിസ്ട്രേഷന നമ്പർ ഉപയോഗിച്ചാൻണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫോം മാതൃക www.kswcfc.org ൽ ലഭിക്കും. അപേക്ഷ ഫോമും ധനലക്ഷ്മി ബാങ്കിന്റെ അപേക്ഷ ഫോമും പൂരിപ്പിച്ച് ബാങ്കിൽ സമർപ്പിക്കണം. 2022 ഡിസംബർ 15ന് മുമ്പായി അപേക്ഷിക്കണം. ഫോൺ- 0471 2311215, വാട്സാപ്പ് നമ്പർ- 6238170312.