റിസർവ് ബാങ്കിന്റെ പണനയത്തിന് പിറകെ ഫിക്സഡ് ഡെപോസിറ്റിൻ്റെ പലിശ നിരക്കുകൾ ബാങ്കുകൾ കുറച്ചു തുടങ്ങി. അവസാനമായി പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക് 3 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 20 ബേസിസ് പോയിന്റ് (bps) വരെ കുറച്ചു. പുതുക്കിയ പലിശ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി ബാങ്കിന്റെ വെബ്‌സൈറ്റിൽ പറയുന്നു.
ബാങ്കിൻ്റെ പുതുക്കിയ നിരക്കുകൾ പ്രകാരം പൊതുജനങ്ങൾക്ക് 4% മുതൽ 7.25% വരെയും മുതിർന്ന പൗരന്മാർക്ക് 4% മുതൽ 7.75% വരെയുമാണ് പലിശ. നേരത്തെ ഈ നിക്ഷേപങ്ങൾക്ക് പൊതുജനങ്ങൾ 4% മുതൽ 7.40% വരെയും മുതിർന്ന പൗരന്മാർ 4% മുതൽ 7.90% വരെയുമായിരുന്നു നൽകിയിരുന്നത്. .
സ്ഥിര നിക്ഷേപങ്ങൾക്ക് ഒരാഴ്ച മുതൽ 45 ദിവസം വരെ കാലാവധിയിൽ 4% പലിശ നൽകും. 46 മുതൽ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.25% പലിശയും ഈടാക്കും. 91 മുതൽ 179 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.5% പലിശ വാഗ്ദാനം ചെയ്യുന്നു.
180 മുതൽ 269 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.25% ൽ നിന്ന് 6.15% ആയി ബാങ്ക് കുറച്ചു, 270 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 6.25% പലിശ നൽകും. ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 6.85% പലിശ നിരക്ക് ലഭിക്കും. 444 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ബാങ്ക് 7.25% പലിശയും വാഗ്ദാനം ചെയ്യുന്നു.
അഞ്ചു വർഷത്തിനിടെ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യമായി അടിസ്ഥാന പലിശനിരക്ക് റിസർവ് ബാങ്ക് പണനയസമിതി കാല്‍ ശതമാനം കുറച്ചത്. ഇതോടെ പുതിയ നിരക്ക് 6.25% ആയി. പിന്നാലെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശയും കുറഞ്ഞു. സ്ഥിരനിക്ഷേപ പലിശയും ആനുപാതികമായി കുറഞ്ഞിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഘട്ടംഘട്ടമായി 0.5–0.75 % പലിശ കുറച്ചേക്കുമെന്നാണു വിലയിരുത്തൽ.