കേരളത്തിൻ്റെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി യാഥാർഥ്യമാകുന്നു. PPP മാതൃകയിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം കാസർകോട് ജില്ലയിലെ മൈലാട്ടിയിൽ നടപ്പിലാക്കും.
പദ്ധതിയുടെ കരാർ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ കെ എസ് ഇ ബി കൊമേർഷ്യൽ ആൻഡ് താരിഫ് ചീഫ് എൻജിനീയർ രാജൻ എം പി, സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ അതുല്യ കുമാർ നായിക് എന്നിവർ കൈമാറി.
മൈലാട്ടിയിൽ 220 kV സബ്സ്റ്റേഷനിൽ 125 മെഗാവാട്ട് / 500 മെഗാവാട്ട് അവര്‍ നിലയമാണ് സ്ഥാപിക്കുന്നത്.
സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (SECI) എന്ന കേന്ദ്ര ഏജൻസിയുമായി സഹകരിച്ചാണ് ഈ ബൃഹത് പദ്ധതി നടപ്പാക്കുന്നത്. കരാർ പ്രകാരം യൂണിറ്റിന് 4.61 രൂപ ആണ് സ്റ്റോറേജ് നിരക്ക്. ഇതുവഴി പകൽ ലഭ്യമാകുന്ന അധിക സൗരോർജ്ജവൈദ്യുതി സംഭരിച്ചു രാത്രി സമയത്ത് വിതരണം ചെയ്യാൻ സാധിക്കും.
കെഎസ്ഇബിഎൽ സമർപ്പിച്ച പദ്ധതി രൂപരേഖ വിലയിരുത്തി കേന്ദ്ര ഊർജ്ജമന്ത്രാലയം 2024 നവംബർ 28 ന് പദ്ധതിക്ക് 135 കോടി രൂപ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിച്ചിരുന്നു.
പദ്ധതിയിലൂടെ പുനരുപയോഗ ഊർജ്ജരംഗത്ത് വലിയൊരു ചുവടുവയ്പാണ് സംസ്ഥാനം നടത്തുന്നത്. 18 മാസമാണ് പൂർത്തീകരണ കാലാവധിയെങ്കിലും 9 മാസങ്ങൾക്കുള്ളിൽ പദ്ധതി പൂർത്തീകരിക്കുന്നതിനായി 8 കോടി 40 ലക്ഷം രൂപ ഏർളി കമ്മീഷണിങ് ഇന്‍സെന്റീവും കെ എസ് ഇ ബി പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുണമേന്മയുള്ള വൈദ്യുതി സമൃദ്ധമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് കേരള സർക്കാരും കെ എസ് ഇ ബിയും വിഭാവന ചെയ്ത് നടപ്പിലാക്കുന്നത്. അനുദിനം ഉയരുന്ന വൈദ്യുതി ആവശ്യകത നേരിടാൻ 2030 ഓടെ 10,000 മെഗാവാട്ട് വൈദ്യുതിയുടെ ആഭ്യന്തര ഉത്പാദനം ഉറപ്പാക്കുകയാണ് കെ എസ് ഇ ബി യുടെ ലക്ഷ്യം.